കട്ടപ്പന :അയ്യപ്പൻകോവിൽ പൊന്നാരത്താൻ പരപ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. ബുധനാഴ്ച്ച രാത്രി 9 ന് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ യാത്ര ചെയ്തവരാണ് പുലിയെന്ന് സംശയിക്കുന്ന ജീവി റോഡ് മുറിച്ചു കടന്ന് കൃഷിയിടത്തിലേയ്ക്ക് മറഞ്ഞതായി കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പെരിയാറിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തെ വളർത്തു മൃഗങ്ങൾ രാത്രിയിൽ അസ്വാഭാവികമായി ബഹളമുണ്ടാക്കിയതായും നാട്ടുകാർ പറഞ്ഞു.ഒരു വർഷം മുൻപ് മേരികുളം ഡോർലാന്റിൽ സമാന രീതിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. എന്നാൽ അന്ന് നടത്തിയ തെരച്ചിലിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.സംസ്ഥാന പാതയിൽ പുലിയെ കണ്ടെന്ന അഭ്യൂഹം വനം വകുപ്പ് സ്ഥിരികരിച്ചിട്ടില്ലെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്‌