arun

തൊടുപുഴ: അമിത പലിശയ്ക്ക് പണം കടംകൊടുത്ത് ലക്ഷങ്ങൾ പലിശയിനത്തിൽ തട്ടിയെടുത്തയാളെ കുബേര കേസിൽ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കീരികോട് കാപ്പിത്തോട്ടം ഒലിപ്പുരയിൽ കംസൻ എന്നു വിളിക്കുന്ന അരുൺ രാജ് പിള്ളയെ(40) യാണ് ഡിവൈഎസ്പി എ.ജി.ലാൽ, സിഐ വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പണം കടം കൊടുക്കുന്നതിനുള്ള നിയമപരമായ രേഖകളില്ലതെയാണ് ഇയാൾ പണമിടപാടു നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നും പണം കടം വാങ്ങിയവർ നൽകിയ പരാതിയിലാണ് കേസെടുത്തത്. തൊടുപുഴ സ്വദേശിയായ കുഞ്ഞിക്കണ്ണൻ അരുണിൽ നിന്ന് 18 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് 15 ദിവസത്തേക്ക് 1.75 ലക്ഷം രൂപയാണ് പലിശയായി വാങ്ങിയിരുന്നത്. ഇത്തരത്തിൽ 42 ലക്ഷം രൂപ തിരികെ നൽകിയെങ്കിലും തുടർന്നും പണവും പലിശയും നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കൂടാതെ പ്രതിക്കെതിരെ ഇത്തരത്തിൽ ഏഴു പരാതികൾ ഇതിനോടകം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥയിലുള്ള സൈക്കിൾ ഷോപ്പിലും വീട്ടിലും പൊലീസ് നടത്തിയ പരിശോധനയിൽ 10 ആധാരങ്ങളും 30 ചെക്ക് ലീഫുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.