jewel

സ്വന്തമായി സ്ക്രിപ്റ്റ് എഴുതി സിനിമ ഡയറക്ട് ചെയ്യുന്ന സംഭവം വിദൂരം അല്ലെന്ന് പ്രശസ്ത നടി ജ്യൂവൽ മേരി "കേരള കൗമുദി" യോട് പറഞ്ഞു. സിനിമക്ക് സ്ക്രിപ്റ്റ് തയ്യാറാക്കലും സിനിമ ഡയറക്ട് ചെയ്യലും സാങ്കേതികമായിട്ടുള്ള പ്രോസസിങ്ങ് ആയതിനാൽ അത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുകയാണ്. അതിന് ശേഷമാകും അത്തരം കാര്യങ്ങളിലേക്ക് കടക്കുകയുള്ളു എന്നും ജ്യൂവൽ മേരി വ്യക്തമാക്കി.

വെല്ലുവിളികൾ ഏറ്റെടുക്കുക എന്നത് ചെറുപ്പം മുതലുള്ള ശീലമാണ്. അത് കൊണ്ട് ചില പ്രശ്നങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. ചിലർ പറയും ഒരെല്ല് കൂടുതലാണെന്നൊക്കെ. എങ്കിലും വെല്ലുവിളികൾ എനിക്ക് ഏറെ ഇഷ്ടമാണ്. അതിന്റെ ഭാഗമായിട്ടാണ് സ്ക്രിപ്റ്റ് എഴുതാനും ഡയറക്റ്റ് ചെയ്യാനുമുള്ള ആഗ്രഹം തോന്നിയത്. ചെറുപ്പത്തിലും പഠന സമയങ്ങളിലും ഒരു കലാകാരി ആകണം എന്നല്ലാതെ, സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം ഇല്ലായിരുന്നു.

ഇത്‌ വരെയുള്ള എന്റെ സിനിമ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ 'എല്ലാ രീതിയിലും എനിക്ക് ഇനിയും ഒരുപാട് നന്നാകാനുണ്ടെന്ന് ' തോന്നിയിട്ടുണ്ട്. ടി വി ഷോസ്, സിനിമ... എന്നിങ്ങനെ വിവിധ മേഖലകളിൽ ഓടി നടക്കാതെ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം കാര്യമായ ശ്രദ്ധ നൽകണം എന്നാണ് ആഗ്രഹം - എന്നും ജ്യൂവൽ മേരി പറഞ്ഞു. ടി വി ചാനൽ പ്രോഗ്രാംസിലൂടെയാണ് ജ്യൂവൽ മേരി സിനിമയിൽ എത്തിയത്.

2015 ൽ മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന സിനിമയിലാണ് നടി ആദ്യം ജോയിൻ ചെയ്തതെങ്കിലും മമ്മൂട്ടിയും ജ്യൂവൽ മേരിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കമൽ സംവിധാനം ചെയ്ത ഉട്ടോപ്യായിലെ രാജാവ് എന്ന സിനിമയാണ് ആദ്യം തീയേറ്ററുകളിൽ എത്തിയത്. പിന്നീട് ഒരു തമിഴ് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ വിവിധ വേഷങ്ങൾ ജ്യൂവൽ മേരി അവതരിപ്പിച്ചു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രാജീവ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത ക്ഷണികം എന്ന സിനിമയാണ് ജ്യൂവൽ മേരിയുടേതായി ഉടൻ റീലീസിന് ഒരുങ്ങുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലും ഇപ്പോൾ ഷൂട്ട് നടക്കുന്ന നിഷാന്ത് സേട്ട് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ ഉൾപ്പെടെ മറ്റ് നിരവധി സിനിമകളിലും ജ്യൂവൽ മേരി കരാർ ചെയ്തിട്ടുണ്ട്.