തൊടുപുഴ: നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയ യാത്രക്കാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട കരിമ്പിൽ എബ്രഹാം (57), ഭാര്യ ജെസി (51), ടോമി (28), ആൻമരിയ (21) , എയ്ഞ്ചൽ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചോടെ തൊടുപുഴ പാലാ റൂട്ടിൽ നടുക്കണ്ടത്തിനു സമീപമാണ് അപകടം. വിദേശത്തു നിന്നെത്തിയ ആൻമരിയയെ എയർപോർട്ടിൽ നിന്നും വാഹനത്തിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുംവഴിയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന നമ് സ്കോർപിയോ കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. പൊലീസും സീനിയർ ഫയർ ഓഫീസർ പി.ടി.അലക്സാണ്ടറിന്റെ നേതൃത്വത്തിലെത്തിയ തൊടുപുഴ അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.