തൊടുപുഴ : കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 8 ന് വൈകിട്ട് നാലു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുമെന്ന് പി.ജെ.ജോസഫ് എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷന്റെ നിർമ്മാണം കെ എസ് ആർ ടി സി യുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും വർഷങ്ങളായി നിലച്ചു നിൽക്കുകയായിരുന്നു.പലവട്ടം ഉദ്ഘാടനത്തിന് തിയതി നിശ്ഛയിച്ചെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച കെ എസ് ആർ ടി സി ബസ് സ്റ്റേഷന് ഇതു വരെ പതിനെട്ടു കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. നിർമ്മാണത്തിന് 14.5 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. പിന്നീട് എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോൾ രണ്ടു കോടി കൂടി അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഡി റ്റി ഒ ഓഫീസ്, ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വർക്ക് ഷോപ്പ്, വാഹനങ്ങൾ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങൾക്ക് നിൽക്കാനുള്ള സൗകര്യം, കടമുറികൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാത്തിൽ വന്നതിനു ശേഷം ഗതാഗത മന്ത്രിയുമായ ആന്റണി രാജുവുമായി പി ജെ ജോസഫ് എം എൽ എ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് രണ്ടു കോടി രൂപ അനുവദിക്കുകയും പഴയ കരാർ കാരന്റെ കുടിശ്ശിക സംബന്ധിച്ചുള്ള കേസുകൾ അവസാനിപ്പിക്കുകയും, നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും അതിനാവശ്യമായ പണം അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് പണികൾ വീണ്ടും ടെണ്ടർ ചെയ്ത് അതിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കി. നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ബസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നുള്ളു എന്ന ശക്തമായ നിലപാടാണ് പി.ജെ.ജോസഫ് എം എൽ എ സ്വീകരിച്ചത്. മന്ത്രിയുടെ നിലാപാട് അതുതന്നെയായിരുന്നു. ഇതിനിടയിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കെട്ടിടത്തിന് ഉയരക്കുറവ് വന്നതിനെ തുടർന്ന് വീണ്ടും അവിടെ ടൈൽ താഴ്ത്തി സ്ഥാപിക്കുന്നതിന് സമയം എടുത്തു.
കൂടുതൽ സർവ്വീസുകൾ തുടങ്ങും
കെ എസ് ആർ ടി സിഡിപ്പോയിൽ നിന്ന് ഇപ്പോൾ അറുപതോളം സർവ്വീസുകളാണുള്ളത്.
. പുയിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ മുടങ്ങിക്കിടക്കുന്നതടക്കം കൂടുതൽ സർവ്വീസുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ലോറി സ്റ്റാന്റിൽനിന്നും മോചനം
മുനിസിപ്പൽ ലോറി സ്റ്റാൻഡിലാണ് വർഷങ്ങളായി തൊടുപുഴ കെ. എസ്. ആർ. ടി. സി സ്റ്റേഷൻ പ്രവർത്തിച്ച്പോന്നത്. സ്ഥലപരിമിതിയും ഓഫീസ് ഉൾപ്പടെയുള്ളവ ഷീറ്റിട്ട ഷെഡിലുമായി ഒരു ബസ് സ്റ്റേഷന് ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥിയിലായിരുന്നു ഇതുവരെ പ്രവർത്തനങ്ങൾ കൊണ്ടുപോയത്. ഒറ്റ മഴ പെയ്താൽ പിന്നെ ബസ് സ്റ്റേഷൻ ആകെ കുളമാകും. യാത്രക്കാർക്ക് വിശ്രമിക്കാൻപോയിട്ട് മഴയും വെയിലും ഏൽക്കാതെ ബസ്കാത്ത്നിൽക്കാൻപോലും ഇവിടെ സൗകര്യംഉണ്ടായിരുന്നില്ല.
സമരങ്ങൾ കണ്ട് മടുത്തു
കോടികൾ ചെലവാക്കി പുതിയ ബസ് സ്റ്റേഷൻ നിർമ്മാണം തുടങ്ങിയിട്ടും ശകുനപ്പിഴപോലെ എവിടെയൊക്കെയോ തടസങ്ങൾ വന്ന്കൊണ്ടേയിരുന്നു. വർഷങ്ങൾ ഏറെ മുന്നോട്ട്പോയതോടെ എസ്റ്റിമേറ്റും കൂടിവന്നു, നിർമ്മാണം അവസാന ഘട്ടത്തിലെത്തിയിട്ടും ഉദ്ഘാടനം നടത്തുന്നതിന് പലവിധ തടസങ്ങൾ വന്നു. എത്രയെത്ര സമരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.