കട്ടപ്പന: ആദിവാസികൾ അടക്കം ദിവസേന നിരവധി ആളുകൾ എത്തുന്ന കാഞ്ചിയാർ ആയുർവേദ ഡിസ്‌പെൻസറി അവഗണനയിൽ .സ്വന്തമായി കെട്ടിടമോ മതിയായ സൗകര്യങ്ങളോ ഇല്ലാത്തതാണ് ഡിസ്‌പെൻസറിയെ വലയ്ക്കുന്ന പ്രധാന ഘടകങ്ങൾ. സൗകര്യങ്ങൾ കുറവാണെന്നബോധ്യത്തിലാണ് ജീവനക്കാർ മരുന്നു വിതരണവും ചികിത്സയും മുടക്കമില്ലാതെ നടത്തുന്നത്. കെട്ടിട സൗകര്യമില്ലാത്തതിനാൽ വിവിധ തദ്ദേശസ്ഥാപനങ്ങൾക്കോ ജനപ്രതിനിധികൾക്കോ സർക്കാർ ഫണ്ട് ലഭ്യമാക്കി വികസനം നടപ്പാക്കാനും സാധിക്കുന്നില്ല.ആശുപത്രിക്കായി പഞ്ചായത്ത് സ്ഥലം അനുവദിച്ചിരുന്നെങ്കിലും വനം വകുപ്പിന്റെ തർക്കത്തിൽപെട്ട് കിടക്കുകയാണ്.നിലവിൽ കാഞ്ചിയാർ പള്ളിക്കവലയിൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികളിലാണ് ഒ.പിയും ഫാർമസിയും പ്രവർത്തിക്കുന്നത്.മെഡിക്കൽ ഓഫീസർ,ഡോക്ടർ, ഫാർമസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് അടക്കമുള്ളവരാണ് ഇവിടെയുള്ളത്.കോവിഡ് കാലത്ത് പ്രതിരോധ മരുന്നും ഗർഭിണിക്കുള്ള പ്രത്യേക മരുന്നുകളും ഉൾപ്പെടെ ജനോപകാരപ്രദമാം വിധം പ്രവർത്തിക്കുന്ന ആശുപത്രിയാണ് കാഞ്ചിയാർ ആയൂർവേദ ഡിസ്‌പെൻസറി. വകുപ്പുതലത്തിൽ മരുന്നുകളും മുടക്കമില്ലാതെ കിട്ടുന്നതായി ജീവനക്കാരും പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. നിലവിൽ മുരിക്കാട്ടുകുടി ആയുർവേദ ആശുപത്രിയിലെഡോക്ടറാണ് ഇവിടെ ഇപ്പോൾരോഗികളെ കാണുന്നത്. ഇവിടേയ്ക്കുള്ളഡോക്ടറുടെ പി.എസ്.സി നീയമനം കഴിഞ്ഞതാണ്. ആയതിനാൽ എത്രയുംവേഗം പുതിയഡോക്ടർ എത്തും. എന്നാൽ പരിമിതമായ കെട്ടിടസൗകര്യമാണ് ജീവനക്കാരെയുംരോഗികളെയും ഒരുപോലെ വെട്ടിലാക്കുന്നത്.

• വയോധികരെ വലച്ച് പ്രവർത്തനം മുകൾ നിലയിൽ

മുകളിലത്തെ നിലയിൽ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി.ദൂരസ്ഥലങ്ങളിൽ നിന്നടക്കം വയോധികർ എത്തി രണ്ടാം നിലയിലേയ്ക്ക് കയറുന്നതാണ് പ്രയാസകരം.ഒ.പി യിൽ തിരക്കാണെങ്കിൽ ഇത്തരമാളുകൾക്ക് വിശ്രമിക്കുവാനും ഇവിടെ സൗകര്യം ഇല്ല.