മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള വൈദ്യുതി ശ്മശാനം നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാകുന്നു. മൂലമറ്റം ടൗണിന് സമീപത്തുള്ള കോളനി പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയ്ക്ക് വേണ്ടി അറക്കുളം പഞ്ചായത്തിന്റെ അടുത്ത വർഷത്തെ ബഡ്ജറ്റിൽ 25 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. ഒരു സമയം ഒരാളെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാകും ഇവിടെയൊരുക്കുന്നത്. പഞ്ചായത്ത് പരിധിയിൽ കോളനി പ്രദേശങ്ങളിലെ താമസക്കാർക്കും സ്വന്തമായി ഭൂമി ഇല്ലാത്തവർക്കും കുറഞ്ഞ ഭൂമി മാത്രമുള്ളവർക്കും ഏറെ പ്രയോജനമാണ് ഈ പദ്ധതി. കുടുംബത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാൽ വലിയ പണച്ചെലവിൽ വാഹനങ്ങൾ വിളിച്ച് തൊടുപുഴ മുണ്ടേക്കല്ലിലും ഇളംദേശത്തുമുള്ള പൊതുശ്മശാനങ്ങളിലും മറ്റുമാണ് സംസ്‌കാരം നടത്തിയിരുന്നത്. പഞ്ചായത്ത് മുമ്പ് സ്ഥലം വിലയ്ക്ക് വാങ്ങി പോത്തുമറ്റത്ത് ശ്മശാനമുണ്ടാക്കിയിരുന്നെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാൽ അവിടെയെത്തിപ്പെടുന്നത് ദുരിതമായതോടെ ആളുകൾ ഇവിടേക്ക് എത്താതായി. ഒരു മൃതദേഹം മാത്രമാണ് ഇവിടെ സംസ്‌കരിച്ചതും. തുടർന്നാണ് അറക്കുളം പഞ്ചായത്ത് ആധുനിക രീതിയിലുള്ള പൊതുശ്മശാനത്തിന് പദ്ധതി ആവിഷ്‌കരിക്കുന്നത്.