വെള്ളത്തൂവൽ: സ്ത്രീ സൗഹൃദ ഗ്രാമം പദ്ധതിയ്ക്ക് മുൻഗണ നൽകി വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കി. 32,​42,​00,​000 വരവും 32,​13,​00,​000 രൂപ ചിലവും 30 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. ജോൺസൺ അവതരിപ്പിച്ചു. പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഹോമിയോ, ആയൂർവേദം, അലോപ്പതി ആശുപത്രികളുടെ വികസനത്തിനും 1.5 കോടി രൂപയും കാർഷിക മേഖലയിലെ പുരോഗതിക്ക് ഒരു കോടിയും തീറ്റപ്പുൽ കൃഷിയ്ക്കും പശുക്കളെ വാങ്ങുന്നതിനും 50 ലക്ഷം രൂപയും മാലിന്യ സംസ്‌കരണത്തിന് 80 ലക്ഷം രൂപയും വകയിരുത്തി. വെള്ളത്തൂവൽ ടൗണിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് ഒരു കോടി രൂപയും പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ബാല സൗഹൃദ അങ്കണവാടികളാക്കുന്നതിന് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്‌കൂളുകൾക്ക് അടിസ്ഥാനസൗകര്യങ്ങൾക്കും സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനും ഒന്നര കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. പഞ്ചായത്തിലെ എല്ലാ ടൗണുകളിലും മിനിമാക്‌സ് ലൈറ്റുകൾ സ്ഥാപിക്കും. ടൂറിസം മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു കോടി രൂപ ഉൾപ്പെടുത്തി. എം.പി, എം.എൽ.എ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ ഫണ്ടുകൾ സമാഹരിച്ച് വഴികൾ ഗതാഗത യോഗ്യമാക്കാനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്.