തൊടുപുഴ: മേൽക്കൂരയിലെ തകര ഷീറ്റും സീലിംഗും തകർന്നിട്ട് മാസങ്ങളായ മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വിശ്രമ മുറികൾ എത്രയും വേഗം നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വിശ്രമമുറിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് ജീവനക്കാരുടെ ആരോഗ്യത്തെയും ജോലിയെയും ബാധിക്കുമെന്ന് മാത്രമല്ല അത് അവരുടെ മനുഷ്യാവകാശത്തിന്റെ ലംഘനമാകുമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. ആരോഗ്യകരമായ ചുറ്റുപാടിൽ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്നും എത്രയും വേഗം വിശ്രമ മുറികൾ ജീവനക്കാർക്ക് ഉപയോഗപ്രദമാക്കി നൽകാൻ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്.

വിശ്രമമുറികളിലെ ചോർച്ച പരിഹരിക്കുന്നതിന് ഷീറ്റുകൾ മാറ്റി സ്ഥാപിക്കാൻ 8,35,689 രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ടെണ്ടർ ക്ഷണിക്കാൻ കോതമംഗലം എ.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി കമ്മിഷനെ അറിയിച്ചു. പണികൾ എന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു.