 
ചെറുതോണി: തകർന്ന വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ദുരിത ജീവിതം നയിച്ച അഞ്ചു വയസുകാരൻ റിസ്ബിന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം നടന്നു. ഒരു വർഷം മുമ്പ് പുന്നയാറിലുണ്ടായ ശക്തമായ കാറ്റിലാണ് മുളക്കകുന്നേൽ രഘു- സബിതാ ദമ്പതികളുടെ വീട് തകർന്നത്. പിന്നീട് ഈ തകർന്ന വീട്ടിൽ മഴയും വെയിലും കൊണ്ടാണ് ഇവർ 5 വയസുകാരനൊപ്പം കഴിഞ്ഞത്. തലയിലെ ട്യൂമറിന് ഓപ്പറേഷൻ കഴിഞ്ഞിരുന്ന സബിതയ്ക്ക് മാനസികാസ്വാസ്ഥ്യവുമുണ്ടായി. ഇതോടൊപ്പം ഭർത്താവ് രഘുവിന്റെ ഉദര രോഗ പ്രശ്‌നങ്ങളും പ്രതിസന്ധി വഷളാക്കി. ഇവരുടെ ദുരിത ജീവിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഇവരെ സന്ദർശിക്കുകയും കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയുമായിരുന്നു. സാന്ത്വനം ട്രസ്റ്റും സി.പി.എം കീരിത്തോട് ലോക്കൽ കമ്മിറ്റിയും ചേർന്നാണ് ഭവനമൊരുക്കിയത്. 25 ദിവസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. സാധന സാമഗ്രികൾ ഒരു കിലോ മീറ്റർ ദൂരം തലചുമടായി എത്തിച്ചാണ് നിർമ്മണം നടത്തിയത്. ഇതൊടൊപ്പം വീട്ടുപകരണങ്ങളും ഫർണ്ണിച്ചറുകളും പ്രവർത്തകർ ഇവർക്ക് സമ്മാനിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയാ സെക്രട്ടറി പി.ബി. സബീഷ്, ഏരിയാ കമ്മിറ്റി അംഗം ലിസി ജോസ്, ലോക്കൽ സെക്രട്ടറി ഇ.ടി. ദിലീപ്, മറ്റ് നേതാക്കന്മാരായ വി.കെ. കമലാസനൻ, ജോഷി മാത്യു, എം.ജെ. ജോൺസൺ, പി.ഡി. അനുകുട്ടൻ എന്നിവർ പങ്കെടുത്തു.