 
കട്ടപ്പന: തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നടന്ന നിരവധി മോഷണ കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷാജി രഘുവിനെ (46) കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. തൃശൂർ ചുവന്നമണ്ണിലുള്ള മദ്യശാല കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിൽ അന്വേഷണം നടക്കവേയാണ് പ്രതി ഇടുക്കിയിൽ എത്തിയെന്ന വിവരം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് കൂട്ടാർ ഈറ്റക്കാനത്തുള്ള ഭാര്യ വീട്ടിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പീച്ചി പൊലീസിന് കൈമാറി. ഷാജിക്കെതിരെ കമ്പംമെട്ട് സ്റ്റേഷനിൽ ഒരു പോക്‌സോ കേസും നെടുങ്കണ്ടം സ്റ്റേഷനിൽ മോഷണ കേസും നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ ജോസഫ്, സി.പി.ഒമാരായ ജോബിൻ ജോസ്, ടോണി ജോൺ, വി.കെ. അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.