 
കട്ടപ്പന: തരിശു ഭൂമിയിൽ കൃഷിയിറക്കി നൂറ് മേനി വിജയം കൊയ്ത് അവാർഡ് നേടാനായതിന്റെ തിളക്കത്തിലാണ് എസ്.എൻ.ഡി.പി യോഗം തുളസിപ്പാറ ശാഖ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല പച്ചക്കറി വികസന പദ്ധതിയിൽ മികച്ച കൃഷി ഇറക്കിയ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ മൂന്നാം സ്ഥാനം നേടാൻ ശാഖയ്ക്ക് സാധിച്ചു. വർഷങ്ങളായി തരിശ്ശായി കിടന്ന 80 സെന്റ് സ്ഥലം അനുയോജ്യമാക്കി കൃഷിയിറക്കുകയായിരുന്നു. പയർ വർഗ്ഗങ്ങൾ, വാഴ എന്നിവയാണ് പ്രധാന വിളകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മികച്ച വിളവ് നേടാനായതാണ് ശാഖയെ അവാർഡിന് അർഹമാക്കിയത്. സംസ്ഥാനത്തെ മികച്ച പച്ചക്കറി നഴ്‌സറിക്കുള്ള പുരസ്‌കാരത്തിന് അർഹനായ സി.ആർ ഹൈടെക് നഴ്‌സറി ഉടമ ബിജു ചുക്കുറുമ്പേലാണ് ശാഖാ പ്രസിഡന്റ് എന്നതും ശ്രദ്ധേയമാണ്. ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട അഭിറാം അശോകൻ തുളസിപ്പാറ ശാഖയിലെ കുടുംബാംഗമാണ് എന്നതും ഇരട്ടിമധുരമാണ്. തൊടുപുഴയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് വിജയികൾ അവാർഡ് ഏറ്റുവാങ്ങി.