കട്ടപ്പന: വിഷു എത്താൻ ആഴ്ചകൾ ശേഷിക്കേ നാടെങ്ങും മഞ്ഞ വസന്തം വിതറി കണിക്കൊന്നകൾ പൂവിട്ടു. ഫെബ്രുവരി മുതൽ പലയിടത്തും കണിക്കൊന്നകൾ പൂത്തു തുടങ്ങിയിരുന്നു. മാർച്ച് ആദ്യവാരം ചൂട് വർദ്ധിച്ചതോടെ ഇപ്പോൾ ഹൈറേഞ്ചിൽ മിക്കയിടത്തും ആർത്തുലഞ്ഞാണ് പൂക്കൾ വിരിഞ്ഞിരിക്കുന്നത്. മഹാപ്രളയത്തിന് ശേഷമാണ് വിഷുവെത്തുന്നതിന് മുമ്പേ കണിക്കൊന്നങ്ങൾ പൂവിടുന്നത് കൂടുതലായി കണ്ടുതുടങ്ങിയത്. കാലാവസ്ഥയിലെ വ്യതിയാനമാണ് ഇതിനു കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇടുക്കിയിലെ വനമേഖലകളിലും തൊടികളിലും പൂക്കൾ പൂവിട്ട് കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. വേനൽ മഴ കൂടിയെത്തിയതോടെ വിഷുവിന് കണിക്കൊന്ന പൂക്കളുടെ ദൗർലഭ്യതയ്ക്കും കാരണമാകും. ഇത്തവണ ഏപ്രിൽ 15നാണ് വിഷു. ഇനിയും മൂന്ന് ആഴ്ചകൂടിയുള്ളതിനാൽ ഇപ്പോൾ വിരിഞ്ഞിരിക്കുന്ന പൂക്കൾ എല്ലാം കൊഴിഞ്ഞ് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. വനമേഖലയിലാണ് ഇപ്പോൾ കൊന്നകൾ കൂടുതലായും പൂവിട്ടു നിൽക്കുന്നത്. ഇടുക്കി വനത്തിന്റെ ഭാഗമായ സ്വരാജ് മറ്റപ്പള്ളി, പേഴുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ ഉൾവനത്തിൽ ധാരാളം കണിക്കൊന്ന പൂക്കൾ വിരിഞ്ഞു കഴിഞ്ഞു. മാർച്ച് ആദ്യവാരം രേഖപ്പെടുത്തിയ കനത്ത ചൂടാണ് കണിക്കൊന്നകൾ നേരെത്തെ പുഷ്പിക്കാൻ കാരണം. കൊന്നകളുടെ കാലം തെറ്റിയുള്ള പൂവിടൽ ആഗോള താപനത്തിന്റെ പ്രതിഫലനമാണെന്ന അഭിപ്രായമുള്ളവരും നാട്ടിലുണ്ട്.
കൊന്നപ്പൂവിന് കൊടുക്കേണ്ടിവരുമോ കൊള്ള വില ?
അഞ്ച് വർഷം മുമ്പ് വരെ കൊന്നപ്പൂക്കൾ തേടി ചെറുപ്പക്കാർ നാട്ടിലെങ്ങും അലഞ്ഞിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് മാർക്കറ്റുകളിൽ നിന്ന് കാശ് കൊടുത്ത് പൂക്കൾ വാങ്ങുന്ന സംസ്‌കാരത്തിലേയ്ക്ക് മലയാളിയുടെ ആഘോഷമെത്തി. ഒരു തണ്ട് കൊന്നപ്പൂവിന് 15 മുതൽ 20 രൂപ വരെയാണ് കഴിഞ്ഞ വർഷങ്ങളിലെ വില. ആവശ്യക്കാർ ഏറിയതോടെ വനാന്തരങ്ങളിൽ പോയി പൂക്കൾ ശേഖരിച്ച് മാർക്കറ്റിൽ എത്തിച്ച് വിൽക്കുന്നവരും വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ മുൻ കാലങ്ങളിലേതിനേക്കാൾ കൂടുതൽ വില നൽകി പൂക്കൾ വാങ്ങേണ്ടി വരും.