ഇടുക്കി: മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നടക്കും. വൈകിട്ട് നാലിന് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും വൈദ്യുതിവകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നടക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, എം.എം. മണി എം.എൽ.എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എ. രാജ എം.എൽ.എയെ രക്ഷാധികാരിയായും മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ, പഞ്ചായത്തംഗം ഷൈനി മാത്യു, വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനിയർ എ. ഷാനവാസ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി.വി. ഹരിദാസ് തുടങ്ങിയവർ ഉപരക്ഷാധികാരികളുമായുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. എ. രാജ എം.എൽ.എ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി പ്രവീൺ ജോസ്, എ.പി. സുനിൽ, സാജു ജോസ്, ബിജു മാനുവൽ, മാത്യു മത്തായി തുടങ്ങിയവരെ തിരഞ്ഞെടുത്തു. മാങ്കുളം കെ.എസ്.ഇ.ബി പ്രൊജക്ട് ഓഫീസിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ പ്രോജക്ട് മാനേജരും സംഘാടക സമിതി ജനറൽ കൺവീനറുമായ യു. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.