
മാങ്കുളം: 2018 ലെ പ്രളയത്തിൽ ഗതാഗതയോഗ്യമല്ലാതായി മാറിയ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത്- ആറാംമൈൽ- അമ്പതാംമൈൽ റോഡിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനം നടത്തി. അഡ്വ. എ. രാജ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പുനർനിർമ്മാണം നടത്തുക..അമ്പതാംമൈൽ മുതൽ കള്ളക്കൂട്ടി വരെയുള്ള ഭാഗത്തെ റോഡിന്റെ നിർമ്മാണം രണ്ടാംഘട്ടമായി നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ നാല് കിലോമീറ്റർ റോഡിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കും. ഇതിനായി 3.71 കോടി രൂപ വിനിയോഗിക്കും. ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് ജോലികൾ നടത്തുന്നതിനൊപ്പം ഐറിഷ് ഓട, സംരക്ഷണ ഭിത്തികളുടെ നിർമ്മാണം എന്നിവയും നടത്തും. പ്രളയത്തിൽ റോഡിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞ് പോയിരുന്നു. ടാറിംഗ് പൂർണമായി ഇളകിപോയതോടെ പ്രദേശവാസികളുടെ യാത്ര അത്യന്തം ദുഷ്‌കരമായി തീർന്നിരുന്നു. ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ അദ്ധ്യക്ഷത വഹിച്ചു.