നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിൽ സി.പി.ഐ- സി.പി.എം ഭിന്നതയും അഴിമതിയുമാണെന്നുള്ള യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ നെടുങ്കണ്ടത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിലെ ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം പഞ്ചായത്തിന്റെ 2022- 23 വർഷത്തേക്കുള്ള ബഡ്ജറ്റ് മാറ്റി വച്ചിരിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണ്. 30ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനാണ് എൽ.ഡി.എഫ് യോഗം ചേർന്ന് നേരത്തെ തീരുമാനിച്ചത്. നിശ്ചയിച്ച ദിവസം ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ പറയാനും പാർട്ടി തീരുമാനമെടുക്കാനുമുള്ള സംവിധാനം നിലവിലുണ്ട്. ഇതിന് വിപരീതമായ തരത്തിൽ ആരുടെയും ഭാഗത്ത് നിന്ന് യാതൊരു നീക്കവുമില്ലെന്നും നേതാക്കൾ പറഞ്ഞു.