 
ഇടുക്കി: ശനിയാഴ്ച രാവിലെ 11.45ന് ഇടുക്കി സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിൽ നിന്ന് വലിയൊരു ശബ്ദവും പുകയും ഉയർന്നു. മിനിറ്റുകൾക്കുള്ളിൽ അഗ്‌നി രക്ഷാ സേനയുടെ ഫയർ എൻജിനുകൾ ഹോണുകൾ മുഴക്കി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞെത്തി. പുറകെ പൊലീസ് ജീപ്പുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസും സ്ഥലത്തെത്തി. മുഴുവൻ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി കളക്ട്രേറ്റിലെത്തിയ പൊതുജനങ്ങളും എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓഫീസുകളിൽ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. മൂന്നാം നിലയിൽ തീപിടുത്തം. വരാന്തയിൽ നിന്ന് ഉയരത്തിൽ പുക പൊങ്ങുന്നു. ഇതിനിടയിൽ ഇത് ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രിൽ മാത്രമാണെന്നും ആർക്കും പരുക്കുകളില്ലെന്നും വാർത്ത പരന്നതോടെ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായി. അപായ അലാറം മുഴക്കിയായിരുന്നു ഡ്രിൽ ആരംഭിച്ചത്. അലാറം മുഴക്കിയ ഉടൻ ജീവനക്കാരെയും സന്ദർശകരെയും ഓഫീസുകളിൽ നിന്നിറക്കി സുരക്ഷിതമായ അസംബ്ലി ഹാളിലേയ്ക്ക് മാറ്റി. ആദ്യമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ തുടങ്ങി. ഫയർ എൻജിനുകളിൽ നിന്ന് ഹോസിലൂടെ ഉയരത്തിൽ വെള്ളം ചീറ്റി തീ കെടുത്തി. കെട്ടിടത്തിൽ ഏണി ചാരിവെച്ച് അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയർമാരും 'തീപിടിച്ച' മൂന്നാം നിലയിൽ നിന്നും കയറും വടവും സ്‌ട്രെച്ചറും ഉപയോഗിച്ച് ഒഴിപ്പിക്കാൻ കഴിയാതെ കെട്ടിടത്തിനുള്ളിൽ 'കുടുങ്ങിപ്പോയ' രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് മെഡിക്കൽ ടീം പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി. പൊലീസും അഗ്നിസുരക്ഷാസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്ത് നിന്ന് മാറ്റിയായിരുന്നു പ്രതീകാത്മക സുരക്ഷാ മുന്നൊരുക്കം വിശദമാക്കുന്ന ഡ്രിൽ നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മോക്ഡ്രിൽ 12.45ന് വിജയകരമായി പൂർത്തിയാക്കി. ജില്ലാ കളക്ടർ ഷീബ ജോർജ്ജിന്റെയും എ.ഡി.എം ഷൈജു പി. ജേക്കബ്ബിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജില്ലകളിലെയും പ്രധാന സർക്കാർ ഓഫീസുകളിൽ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രിൽ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും അഗ്നിരക്ഷാസേനാ വിഭാഗവും സംയുക്തമായി കളക്ട്റേറ്റിൽ മോക്ഡ്രിൽ നടത്തിയത്. മോക്ഡ്രില്ലിന് ശേഷം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.വി. ജോയ്, സുധീർ കുമാർ എന്നിവർ അപകടങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ അഗ്‌നിശമനോപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതെങ്ങനെ എന്നും ജീവനക്കാർക്ക് വിശദീകരിച്ചു നൽകി. 22 ഫയർഫോഴ്‌സ് സേനാ അംഗങ്ങളും ഐഡിയൽ റിലീഫ് വിംഗിന്റെ ഏഴ് പേരും സിവിൽ ഡിഫൻസിന്റെ അഞ്ച് പേരുമാണ് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടത്.