പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഭവന പദ്ധതിയ്ക്ക് മുൻഗണന നൽകുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. 81 കോടി രൂപ വരവും 80,43 കോടി രൂപ ചെലവവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ അവതരിപ്പിച്ചത്. പാവപ്പെട്ടവർക്ക് വീട് നൽക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അഴുത ബ്ലോക്കിൽ പഞ്ചായത്തുകളുമായി ചേർന്ന് ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിന് ആറു കോടി രൂപ മാറ്റിവച്ചു. സ്വയംതൊഴിൽ പദ്ധതി പ്രകാരം വ്യവസായങ്ങൾക്ക് മുൻഗണന നൽകും. യുവജനങ്ങൾക്ക് സ്വയംതൊഴിൽ നൈപുണ്യ വികസനം എന്നിവ ലക്ഷ്യമാക്കി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ രൂപ വയിരുത്തി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 58.14 കോടി രൂപ മാറ്റിവെച്ചു. പ്രദേശത്തെ ഹൈസ്‌കൂളിൽ സാനിറ്ററി നാപ്കിൻ വെൽഡിങ് മെഷീനുകൾ നൽകും. അടുത്ത വർഷത്തിനുള്ളിൽ സമ്പൂർണ സാക്ഷരത ബ്ലോക്കാക്കും. ബ്ലോക്ക് അതിർത്തിയിലെ പരുന്തുംപാറയിൽ പഞ്ചായത്തിനൊപ്പം ചേർന്ന് വികസന പദ്ധതിയ്ക്ക് രൂപം നൽകും. പരുന്തുംപാറയിൽ തടയണ,​ പെഡൽ ബോട്ട് എന്നിവ ഒരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. വണ്ടിപ്പെരിയാർ എ.എച്ച്.സി.യിൽ മഴക്കാലത്ത് ആശുപത്രിയിൽ വെള്ളം കയറുന്നത് തടയാൻ ക്രമീകരണങ്ങൾ നടത്തും. പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷനായി.