 അവിശ്വാസം കൊണ്ടുവരുമെന്ന് പ്രതിപക്ഷം

തൊടുപുഴ: നഗരസഭാ ബഡ്ജറ്റ് പാസാക്കിയെന്ന് നഗരസഭാ ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ,​ വോട്ടിനിട്ട് മാത്രമേ ബഡ്ജറ്റ് പാസാക്കാവൂ എന്ന് യു.ഡി.എഫും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷം. ഇന്നലെ രാവിലെ മുതൽ തൊടുപുഴ നഗരസഭയിൽ നടന്ന ബഡ്ജറ്റ് ചർച്ചയ്ക്കിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഡ്ജറ്റ് വോട്ടിനിടണമെന്ന ആവശ്യം അംഗീകരിക്കാതെ ചെയർമാൻ ഇറങ്ങി പോയതിനെ തുടർന്ന് യു.ഡി.എഫ്- ബി.ജെ.പി. അംഗങ്ങൾ കൗൺസിൽ ഹാളിലും നഗരസഭാ ഓഫീസിന് മുമ്പിലും മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 10.30നാണ് 2022- 23 സാമ്പത്തിക വർഷത്തിലേക്കുള്ള നഗരസഭാ ബഡ്ജറ്റിനെക്കുറിച്ചുള്ള ചർച്ച തുടങ്ങിയത്. ചർച്ചയിൽ പങ്കെടുത്ത 32 കൗൺസിലർമാരും ബഡ്ജറ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഭേദഗതികളും നിർദേശിച്ചു. വൈകിട്ട് അഞ്ചേമുക്കാൽ വരെ ചർച്ച നീണ്ടു. ബഡ്ജറ്റ് യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നും അടിമുടി മാറ്റി അവതരിപ്പിക്കണമെന്നുമായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. നഗരസഭയിലെ എൽ.പി സ്‌കൂളുകളിൽ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങുന്നതിനാവശ്യമായ തുക അനുവദിക്കുന്നത് ഉൾപ്പടെയുൾപ്പടെ ഭേദഗതികൾ ബി.ജെ.പിയും നിർദേശിച്ചിരുന്നു. ഇവയെല്ലാം അംഗീകരിച്ച് വൈസ് ചെയർപേഴ്‌സൺ വായിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ, ഭേദഗതി അംഗീകരിക്കാമെന്നും അത് അവതരിപ്പിക്കാനുള്ള സമയമില്ലെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. ഇതോടെ ബഡ്ജറ്റ് വോട്ടിനിടണമെന്ന ആവശ്യം യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഉന്നയിച്ചു. വോട്ടിനിട്ടാൽ ബഡ്ജറ്റ് പാസാകില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബഡ്ജറ്റ് പാസാക്കുന്നതായി ചെയർമാൻ സനീഷ് ജോർജ് അറിയിച്ചത്.
തുടർന്ന് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു.

ഭേദഗതികൾ അംഗീകരിച്ചു

'ചർച്ചയിൽ യു.ഡി.എഫും ബി.ജെ.പിയും നിർദേശിച്ച ഭേദഗതികളെല്ലാം അംഗീകരിച്ചാണ് ബഡ്ജറ്റ് പാസാക്കിയത്. വരുംദിവസങ്ങളിൽ പണിമുടക്കായതിനാൽ വീണ്ടും ബഡ്ജറ്റ് അവതരിപ്പിക്കാൻ സമയമില്ല. ബഡ്ജറ്റ് അംഗീകരിച്ചില്ലെങ്കിൽ പദ്ധതികൾ നടപ്പാക്കാനാകില്ല. കൗൺസിൽ പോലും അസ്ഥിരപ്പെടും."
-സനീഷ് ജോർജ് (നഗരസഭാ ചെയർമാൻ)

പരാതി നൽകും

'ഭൂരിപക്ഷം കൗൺസിലർമാർ ഉന്നയിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കാതെയുള്ള ധിക്കാര നടപടിയാണ് ചെയർമാന്റെ ഭാഗത്ത് നിന്നുണ്ടായത്. നിലവിൽ ബഡ്ജറ്റ് പാസായെന്നുള്ള ഭരണപക്ഷത്തിന്റെ വാദം തെറ്റാണ്. ബഡ്ജറ്റ് വോട്ടിനിട്ടിട്ടില്ല. ചെയർമാന്റെ പ്രഖ്യാപനത്തിനെതിരെ പരാതി നൽകും. ഈ ബഡ്ജറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് ചിലവഴിക്കാൻ കൂട്ട് നിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നഗരസഭാ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും."

-യു.ഡി.എഫ് അംഗങ്ങൾ

ജനാധിപത്യ വിരുദ്ധം

'ജനാധിപത്യ വ്യവസ്ഥിതി പാലിച്ച് ഭേദഗതികൾ ഉൾപ്പെടുത്തി ബഡ്ജറ്റ് പാസാക്കുന്നതിന് തങ്ങൾ എതിരല്ല. 20 കൗൺസിലർമാരുടെ ഭേദഗതി നിർദ്ദേശങ്ങൾ ധിക്കരിച്ച് ജനാധിപത്യ വ്യവസ്ഥിതി പാലിക്കാതെയുള്ള നടപടിയാണ് ഭരണകക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായത്. ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും."

-ബി.ജെ.പി അംഗങ്ങൾ