gun
തോക്ക്

തൊടുപുഴ: കുറ്റകൃത്യങ്ങളിലടക്കം നാടൻ തോക്ക് ഉപയോഗിക്കുന്ന പ്രവണത ജില്ലയിൽ കൂടിയിട്ടും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. തോക്കുപയോഗിച്ച് ഇത്രയും കുറ്റകൃത്യങ്ങൾ നടക്കുന്ന മറ്റൊരു ജില്ലയും കേരളത്തിലുണ്ടാകില്ല. വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യർക്ക് നേരെയും ചൂണ്ടാറുണ്ട്. ലൈസൻസില്ലാത്ത നാടൻതോക്കുകളാണ് ഇവയിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. പത്ത് ദിവസത്തിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർക്കാണ് ഇടുക്കിയിൽ വെടിയേറ്റത്. ഇതിലൊരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 17ന് മദ്യ ലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കുരിശുപാറയിൽ ജ്യേഷ്ഠനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചതാണ് ആദ്യത്തെ സംഭവം.കഴിഞ്ഞ ദിവസം സഹോദരങ്ങൾതമ്മിലുണ്ടായ തർക്കത്തിൽ കൂനംമാക്കൽ സിബിയെ (49) വെടിവച്ച ഇളയ സഹോദരൻ സാന്റോ (38) പൊലീസ് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാത്രി മൂലമറ്റത്ത് യുവാവിനെ നാടൻതോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ജൂൺ ഒമ്പതിനും 11നും രണ്ട് വെടിവെയ്പ്പ് സംഭവങ്ങൾ ജില്ലയിൽ അരങ്ങേറി. ആദ്യത്തേത് ഉടുമ്പന്നൂർ മലയിഞ്ചിയിൽ നായാട്ടിനായി കാടുകയറിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റ സംഭവമായിരുന്നു. നാടൻ തോക്കുപയോഗിച്ച് നായാട്ടിന് പോയതായിരുന്നു സംഘം. തിരികെ വരും വഴി അബദ്ധത്തിൽ തോക്ക് പൊട്ടി ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു. രണ്ടാമത്തെ സംഭവമുണ്ടായത് കേരളത്തിലെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ്. കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരുന്ന യുവാവിനാണ് വെടിയേറ്റത്. തോട്ടത്തിൽ കാട്ടുപോത്ത് ഇറങ്ങിയെന്ന് കരുതി കർഷകൻ വെടിവയ്ക്കുകയായിരുന്നു. അതിന് മുമ്പ് 2020 ആഗസ്റ്റിൽ മറയൂർ പാളപ്പെട്ടയിൽ ആദിവാസി യുവതിയെ സഹോദരിയുടെ മകൻ നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു. വനമേഖലയിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രികയെന്ന (30) യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്. 2019 ജൂലായിൽ കൂലിതർക്കത്തെ തുടർന്ന് കരിമണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ ഒരാൾ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തിരുന്നു. കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ചിന്നക്കനാൽ ബി.എൽ റാവിൽ ഏലത്തോട്ട ഉടമകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് ഒരാൾക്ക് വെടിയേറ്റിരുന്നു.

ലൈസൻസ് നാനൂറിൽ താഴെ

ജില്ലയിൽ നാനൂറിൽ താഴെ പേർക്ക് മാത്രമാണ് തോക്കിന് ലൈസൻസുള്ളത്. എന്നാൽ ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവർ അതിന്റെ രണ്ടിരട്ടിയോ അതിലേറെയാ വരും. ഇത്തരക്കാർക്ക് രഹസ്യമായി തോക്ക് നിർമിച്ച് നൽകുന്നവർ ജില്ലയിൽ സജീവമാണ്. സ്വയരക്ഷയ്ക്കായി ഉപയോഗിക്കേണ്ട തോക്ക് എവിടെ നിന്ന് വാങ്ങണമെന്നോ ലൈസൻസ് എങ്ങനെ ഒപ്പിക്കണമെന്നോ അറിയാത്തവരാണ് ഇത്തരം വ്യാജ തോക്ക് നിർമാതാക്കളെ സമീപിക്കുന്നത്. തോക്ക് ലൈസൻസിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടർമാരാണ്. കളക്ടർ അത് എ.ഡി.എമ്മിന്റെ ആഫീസിനെ ഏൽപ്പിക്കുന്നു. പരിശോധന കഴിഞ്ഞാൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി പൊലീസ് അന്വേഷിക്കും. അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ ലൈസൻസ് കിട്ടും. അഞ്ച് വർഷമാണ് ലൈസൻസ് കാലാവധി. ലൈസൻസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും കളക്ടർക്ക് അധികാരമുണ്ട്. ക്രിമിനൽ കേസ് പ്രതികൾ, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുള്ളവർ, ശിക്ഷിയ്ക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ളവർ, സാമൂഹിക വിരുദ്ധർ, മാനസികരോഗമുള്ളവർ, പൊലീസ് സംരക്ഷണമുള്ളവർ, ഏതെങ്കിലും ക്രിമിനൽ കേസുകൾ കോടതിയിലുള്ളവർ എന്നിവർക്ക് ലൈസൻസ് കിട്ടില്ല.