soumya

മൂലമറ്റം: ഫിലിപ്പ് മാർട്ടിൻ ഹോട്ടലിലെത്തി ബീഫ് ചോദിച്ചെന്നും തീർന്നെന്ന് അറിയിച്ചപ്പോൾ അസഭ്യവർഷം നടത്തിയെന്നും ഹോട്ടലുടമ സൗമ്യ പറഞ്ഞു. ശനിയാഴ്ച തിരക്കുള്ളതിനാൽ മറ്റു ഭക്ഷണമെല്ലാം നേരത്തെ തീർന്നിരുന്നു. ദോശ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫിലിപ്പ് നന്നായി മദ്യപിച്ചിരുന്നു. ബീഫ് തീർന്നെന്ന് പറഞ്ഞപ്പോൾ ഇയാൾ മോശം ഭാഷയിൽ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തു. പാഴ്‌സൽ വാങ്ങാൻ വന്ന രണ്ടുപേർ പ്രശ്‌നത്തിൽ ഇടപെട്ടു. പ്രശ്‌നമുണ്ടാക്കാതെ പോകണമെന്ന് പറഞ്ഞു.

ഇതോടെ ഇവരുമായി ഫിലിപ്പ് തർക്കമുണ്ടായി. ചെറിയ ഉന്തും തള്ളും നടന്നപ്പോൾ പാഴ്‌സൽ വാങ്ങാൻ വന്നയാളിലൊരാൾ നിലത്തു വീണു. തുടർന്ന് ഫിലിപ്പും കൂടെ വന്നയാളും ബൈക്കിൽ മടങ്ങിപ്പോയി. ബഹളമുണ്ടായ കാര്യം അപ്പോൾ തന്നെ കാഞ്ഞാറിലെ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചറിയിച്ചു. 10 മിനിട്ട് കഴിഞ്ഞപ്പോൾ ഫിലിപ്പ് കാറിൽ മടങ്ങിയെത്തി കടയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആ സമയം കടയിൽ ഭർത്താവ്, രണ്ട് കുട്ടികൾ, മാതാവ്, അനിയൻ, കടയിലെ ജീവനക്കാർ എന്നിവരും ഭക്ഷണം കഴിക്കാനെത്തിയവരും ഉണ്ടായിരുന്നു. രണ്ട് റൗണ്ട് വെടിവച്ചു. കടയിലുണ്ടായിരുന്ന എല്ലാവരും ഇറങ്ങിയോടി. കുറച്ചുകഴിഞ്ഞ് കാർ അമിത വേഗതയിൽ ശബ്ദമുണ്ടാക്കി സ്ഥലത്തു നിന്നും പോയി. പിന്നീടാണ് കടയിൽ നിന്നും ഏതാനുംവാര അകലെ വീണ്ടും വെടിവയ്പ്പുണ്ടായെന്നും ഒരാൾ മരിച്ചുവെന്നുമുള്ള കാര്യങ്ങൾ അറിയുന്നത്- സൗമ്യ പറഞ്ഞു.

 തോക്ക് വാങ്ങിയത് 2014ൽ

പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് ഇരട്ടക്കുഴലുള്ള നാടൻ തോക്ക്. തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയാണ് 2014ൽ ഇയാൾക്ക് ഇത് നിർമ്മിച്ച് നൽകിയത്. ലൈസൻസില്ലാത്ത തോക്കാണിത്. മൂന്നാർ പോതമേട്ടിൽ ഫിലിപ്പിന് ഏലത്തോട്ടമുണ്ടായിരുന്നു. ഇവിടെയെത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനാണ് തോക്ക് വാങ്ങിയത്. പിന്നീട് നഴ്സായ ഭാര്യയ്ക്കൊപ്പം ഇയാൾ വിദേശത്തേക്ക് പോയി മടങ്ങിയെത്തിയിരുന്നു.