തൊടുപുഴ: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊലകൾക്ക് അറുതിയില്ലാത്ത നാടായി ഇടുക്കി മാറുന്നു. തൊടുപുഴ ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ എഴുപത്തിയൊൻപതുകാരനായ പിതാവ് ചുട്ടുകൊന്നത് ഒരാഴ്ച മുമ്പാണ്. ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു വൃദ്ധന്റെ ക്രൂരത. 19ന് അർദ്ധരാത്രി 12.30നായിരുന്നു കൊലപാതകം. പ്രതി ആലിയക്കുന്നേൽ ഹമീദിന്റെ (79) വധഭീഷണി കാരണം ഫൈസലും കുടുംബവും ഒരു മുറിയിലായിരുന്നു ഉറക്കം. രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ ജനൽ വഴി ഇടുകയായിരുന്നു. മുറി പുറത്തു നിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഹമീദ് ഇപ്പോൾ റിമാൻഡിലാണ്. ഈ ദാരുണ സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് നാട് മോചിതമാകുംമുമ്പാണ് മറ്റൊരു ക്രൂരമായ കൊലപാതകം കൂടി തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്ത് അരങ്ങേറിയത്. തട്ടുകടയിലുണ്ടായ തർക്കത്തെ തുടർന്ന് പ്രകോപിതനായ യുവാവ് വീട്ടിൽ പോയി തോക്കെടുത്ത് വന്ന് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. ബൈക്കിൽ പോവുകയായിരുന്ന ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് മരിച്ചത്. കുറ്രകൃത്യങ്ങൾ തുടർക്കഥയായിട്ടും ക്രമസമാധാനം സംരക്ഷിക്കാൻ പൊലീസിനാകുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.