കട്ടപ്പന :ഉത്പ്പാപദന മേഖലയ്ക്ക് പ്രാധാന്യം നൽകി വണ്ടൻമേട് പഞ്ചായത്തിന്റെ ബജറ്റ് . 25.65 കോടി വരവും 25.44 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന രാജു അവതരിപ്പിച്ചു.പ്രസിഡന്റ് സിബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
ഉത്പ്പാദന മേഖലയ്ക്ക് 3.5 കോടി വകയിരുത്തിയപ്പോൾ സേവന മേഖലയ്ക്ക് 11 കോടി രൂപയാണ് വകയിരുത്തിയത്.തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ട് കോടിയും ലൈഫ് പദ്ധതിയ്ക്കായി 6.56 കോടിയും നീക്കിവെച്ചു.പഞ്ചായത്ത് വ്യാപാര സമുച്ചയ നിർമാണത്തിന് രണ്ട് കോടിയും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ബഡ്ജറ്റ് ബഹിഷ്‌കരിച്ച്
പ്രതിപക്ഷം
വണ്ടൻമേട് പഞ്ചായത്തിന്റെ ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഭൂരിപക്ഷം നഷ്ടമായ എൽ.ഡി.എഫ്. ഭരണസമിതിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യത ഇല്ലെന്ന് ആരോപിച്ചാണ് ബജറ്റ് യോഗത്തിൽ നിന്നും അംഗങ്ങൾ ഇറങ്ങിപ്പോയത്.കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിന്റെ തനിപ്പകർപ്പാണ് ഇത്തവണയും ഭരണസമിതി തയ്യാറാക്കിയത് എന്നും ബഡ്ജറ്റ് ജനോപകാരപ്രദമല്ല എന്നും പ്രതിപക്ഷം ആരോപിച്ചു. ബി ജെ പിയും ബജറ്റിൽ നിന്ന് വിട്ടു നിന്നു.