
കട്ടപ്പന : കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള ശുചിമുറി മാലിന്യം കാപ്പിത്തോട്ടത്തിൽ ഒഴുക്കിയ ശേഷം മടങ്ങിയ ടാങ്കർ ലോറിയും ജീവനക്കാരെയും പൊലീസ് പിടികൂടി.ആലപ്പുഴ സ്വദേശികളായ ജവഹർലാൽ(25), ശ്രീനാഥ്(34), കരുണാപുരം സ്വദേശി ഗൗതം(22) എന്നിവരാണ് പിടിയിലായത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ഞായറാഴ്ച്ച പുലർച്ചെയാണ് കുമളി -മൂന്നാർ സംസ്ഥാന പാതയിൽ പാമ്പാടുംപാറയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിൽ മിനിടാങ്കർ ലോറിയിൽ മാലിന ജലം എത്തിച്ച് ഒഴുക്കിയത്.ശുചിമുറി മാലിന്യം ഒഴുക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് ലോറി പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം വാഹനം കട്ടപ്പനയിൽ എത്തിയിരുന്നു. വണ്ടൻമേട് പൊലീസ് അറിയിച്ചതനുസരിച്ച് പിന്നീട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കട്ടപ്പന പൊലീസാണ് ജീവനക്കാരെയും ലോറിയും കസ്റ്റഡിയിൽ എടുത്തത്.തുടർന്ന് വാഹനം വണ്ടൻമേട് പൊലീസിന് കൈമാറി. കട്ടപ്പന നഗരത്തിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിന ജലമാണ് കാപ്പിത്തോട്ടത്തിൽ തള്ളിയത് എന്നാണ് ലോറിയിലെ ജീവനക്കാർ പറയുന്നത്.ആലപ്പുഴയിലുള്ള പ്ലാന്റിൽ മാലിന്യം എത്തിച്ച് നിർമ്മാർജനം ചെയ്യാനാണെന്ന വ്യജേനെയാണ് കംഫർട്ട് സ്റ്റേഷനിൽ നിന്നും മാലിന്യം ശേഖരിച്ചത്.തുടർന്ന് ഇവ റോഡരികിലെ കാപ്പിത്തോട്ടത്തിൽ ഒഴുക്കുകയായിരുന്നു.ഒരാഴ്ച്ച മുൻപ് കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമുള്ള തോടുകളിൽ കക്കൂസ് മാലിന്യം തള്ളിയതും ഇതേ സംഘമണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.പൊതു സ്ഥലത്ത് വിസർജ്യം തള്ളിയതിന് ഐ പി സി 269 , 268 വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ലോറി തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കും.