
മൂലമറ്റം: 'ഭക്ഷണം ഇവിടെയിരുന്ന് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞതാ... അങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ സനൽ മരിക്കില്ലായിരുന്നു...' തങ്കച്ചന്റെ കണ്ഠമിടറി. മൂലമറ്റം സ്വദേശിയായ തങ്കച്ചന്റെ മകന്റെ ആത്മസുഹൃത്തായിരുന്നു വെടിവയ്പ്പിൽ കൊല്ലപ്പെട്ട സനൽ. മിക്ക ദിവസവും സനൽ തങ്കച്ചന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. സംഭവദിവസം രാത്രി 10.30 വരെ സനലും പരിക്കേറ്റ പ്രദീപും വീട്ടിലുണ്ടായിരുന്നെന്ന് തങ്കച്ചൻ പറയുന്നു. വീട്ടിലുള്ള ചക്കപ്പുഴുക്കും കറിയും കഴിച്ചിട്ടുപോകാമെന്ന് താൻ നിർബന്ധിച്ചിരുന്നു. ഒടുവിൽ റൂമിൽ കൊണ്ടുപോയി കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഭക്ഷണം പാത്രത്തിലാക്കി കൊണ്ടുപോവുകയായിരുന്നു. റൂമിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് സനലിനും പ്രദീപിനും വെടിയേറ്റത്. എല്ലാവർക്കും ഉപകാരിയായിരുന്നു സനലെന്നും തങ്കച്ചൻ ഓർക്കുന്നു.