ഇടുക്കി: വെടിയേറ്റ് മരിച്ച കീരിത്തോട് സ്വദേശി സനൽ ബാബു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. സനലിന്റെ അച്ഛന്റെ സഹോദരിയുടെ മകളായിരുന്നു കഴിഞ്ഞ വർഷം ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ. ഒരു ദുരന്തത്തിന്റെ വേദന തീരും മുമ്പ് അടുത്ത ദുരന്തവും ഈ കുടുംബത്തിലേക്ക് കടന്നു വന്നതിന്റെ ദുഃഖത്തിലാണ് കീരിത്തോട് ഗ്രാമം.
കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തിൽ സാബുവിന്റെയും വത്സലയുടെയും രണ്ടു മക്കളിൽ മൂത്തയാളായിരുന്നു സനൽ. ഇളയ മകൾ സബിത ഭർത്താവ് മനുവിനോടൊപ്പം മുണ്ടക്കയത്താണ് താമസം. കീരിത്തോട് ടൗണിൽ ഒന്നര സെന്റ് സ്ഥലത്താണ് സനലിന്റെ വീട്. പിതാവ് സാബു കിടപ്പുരോഗിയാണ്. കഴിഞ്ഞ ഒരു വർഷമായി കണ്ടക്ടറായി മൂലമറ്റത്ത് ജോലി ചെയ്യുകയായിരുന്നു സനൽ. മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് പണം ആവശ്യമായി വന്നാൽ മറ്റ് ബസുകളിൽ വീട്ടിലേക്കു കൊടുത്തയക്കുമായിരുന്നു. വിവാഹാലോചനകൾ നടക്കുന്നതിന്നിടയിലാണ് സനൽ കൊല്ലപ്പെടുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനശേഷം ഇന്ന് കീരിത്തോട്ടിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.