മൂലമറ്റം: രാത്രിയുള്ള വെടിവെപ്പിലും തുടർന്നുണ്ടായ കൊലപാതകത്തിലും ഞെട്ടിത്തരിച്ചിരിക്കുകയാണ് മൂലമറ്റം സ്വദേശികൾ. ഹോട്ടലിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതും അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും പലയിടത്തും നടക്കാറുള്ളതാണ്. എന്നാൽ പ്രതികാരം തീർക്കാൻ തോക്കുമായെത്തി ഫിലിപ്പ് നാട്ടുകാർക്ക് നേരെ വെടിയുതിർത്തതോടെ എല്ലാവരും ഭയന്നുപോയി. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഹോട്ടലിൽ ഉണ്ടായിരുന്നു. മടങ്ങിപ്പോയ ഫിലിപ്പ് വീട്ടിലേക്ക് തിരിയുന്ന എ.കെ.ജി ജംഗ്ഷനിലെത്തി റോഡരികിൽ കാർ ഒതുക്കിയിട്ടു. ഹോട്ടലിൽ മർദ്ദിച്ചവർ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി അവിടെയെത്തിയത് വീണ്ടും കശപിശയിലും മർദ്ദനത്തിലും കലാശിച്ചു. ഇതിനിടെ കാറുമായി ഏതാനുംമീറ്റർ മുന്നോട്ടുപോയ ഫിലിപ്പ് തോക്കിൽ തിര നിറച്ച് വീണ്ടുമെത്തി. തന്നെ മർദ്ദിച്ചവർ കാർ തടയാൻ ശ്രമിച്ചതോടെ ഫിലിപ്പ് അവർക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഈ സമയം സ്‌കൂട്ടറിൽ ഇവിടേക്കെത്തിയ സനൽ ബാബുവിനും പ്രദീപ് പുഷ്‌കരനുമാണ് വെടിയേറ്റത്. ഇരുവരും സുഹൃത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങി വരികയായിരുന്നു. വെടിയേറ്റ രണ്ട് പേരും ബൈക്കിൽ നിന്ന് നിലത്ത് വീണു. കഴുത്തിന് വെടിയേറ്റ സനൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തലയിലും വയറിലുമാണ് പ്രദീപിന് വെടിയേറ്റത്. സമീപത്ത് കിടന്ന ഓട്ടോറിക്ഷയുടെ ചില്ലും പടുതയും ഉൾപ്പെടെയുള്ളവ വെടിയേറ്റ് തുളഞ്ഞ നിലയിലാണ്. ഇതേ ഓട്ടോയിൽ പ്രദീപിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പ് സ്വാമി, തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വൈകിട്ട് നാലരയോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി റീജിയണൽ ഫോറൻസിക് ലാബ് അസി. ഡയറക്ടർ സൂസൻ ആന്റണി, സയന്റിഫിക് ഓഫീസർ ജോമോൻ പി.എം എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധക സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സനലിന്റെ മൃതദേഹം മൂന്ന് മണിയോടെ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രതിയെ പിടികൂടിയത് വാഹനം കുറുകെയിട്ട്
സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ട് മുട്ടം റൂട്ടിലൂടെ കാറിൽ വരുന്ന വിവരം കാഞ്ഞാർ പൊലീസിൽ നിന്ന് മുട്ടം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് മുട്ടം എസ്.ഐ മുഹമ്മദ്, സി.പി.ഒമാരായ ജോസ്, അൻസിൽ, സുധീഷ്, അമ്പിളി, ആശ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുട്ടം ടൗണിൽ റോഡിന് കുറുകെയായി പൊലീസ് വാഹനം വിലങ്ങനെ ഇട്ടാണ് പ്രതിയെ പിടികൂടിയത്. പിന്നീട് 12.15ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ ഇന്നലെ പുലർച്ചെ 4.15ന് കഞ്ഞാർ സ്റ്റേഷനിലേക്ക് മാറ്റി.
തോക്ക് 2014ൽ വാങ്ങിയത്
തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയാണ് കൊലപാതകത്തിന് ഉപയോഗിച്ച ഇരട്ടക്കുഴലുള്ള നാടൻ തോക്ക് 2014ൽ ഫിലിപ്പിന് നിർമ്മിച്ച് നൽകിയത്. ഇയാൾ 2017ൽ മരിച്ചു. ഇതിന് ലൈസൻസില്ല. മൂന്നാർ പോതമേട്ടിൽ 2013ൽ ഫിലിപ്പിന് ഏലത്തോട്ടമുണ്ടായിരുന്നു. ഇവിടെയെത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനാണ് അന്ന് തോക്ക് വാങ്ങിയത്. പിന്നീട് നഴ്‌സായ ഭാര്യയ്‌ക്കൊപ്പം ഇയാൾ വിദേശത്തേക്ക് പോയി.