
ആലക്കോട്: പഠന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ ഭാഗമായി ആലക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല മികവുത്സവം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം. ജെ. ജേക്കബ് നിർവഹിച്ചു. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സാക്ഷരത രംഗത്തുണ്ടായ മികവാണ് ഏറ്റവും ഗുണകരമായത് എന്നും അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരത നൽകി സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ് എന്നു അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനി റെജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുലോചന കെ എ, ബൈജു ജോർജ്ജ്, ജാൻസി മാത്യു, പദ്ധതി നിർവാഹക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.