anchuruli

കട്ടപ്പന :ഒന്നിലധികം വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഉണ്ടായിട്ടും അനുയോജ്യമായ വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ കാഞ്ചിയാർ.ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ അഞ്ചുരുളിയിൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തടസ്സം നിൽക്കുന്നതാണ് പ്രധാന കാരണം.അഞ്ചുരുളിയ്ക്ക് പുറമേകോളേജ് മല,അയ്യപ്പൻകോവിൽ തൂക്കുപാലം തുടങ്ങിയ സ്ഥലങ്ങളും കാഞ്ചിയാർ പഞ്ചായത്തിന്റെ പരിധിയിലാണ്.എന്നാൽ ഇവിടെയും ടൂറിസം വികസനത്തിന് പലവിധ തടസ്സങ്ങളാണ് നിലനിൽക്കുന്നത്.പഞ്ചായത്തിന്റെ വാർഷിക ബജറ്റുകളിൽ ടൂറിസം പരിഭോഷിപ്പിക്കുന്നതിനായി ബൃഹത് പദ്ധതികൾക്ക് തുക വകയിരുത്താറുണ്ടെങ്കിലും ഇത്തരം പദ്ധതികളുമായി പഞ്ചായത്ത് മുൻപോട്ട്‌പോയാൽ നിയമ തടസ്സങ്ങളുമായി വിവിധ വകുപ്പുകൾ രംഗത്ത് എത്തുകയാണ് പതിവ്. തുടർന്ന് അനുവദിക്കുന്ന തുക വകമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്.ഒരു പഞ്ചായത്തിൽ ഒരു ടൂറിസംകേന്ദ്രമെന്ന പദ്ധതി നടപ്പാക്കാനായി ഇത്തവണത്തെ ബജറ്റിലും അഞ്ചുരുളി ജലാശയത്തെയും, വനമേഖലയിലെ ട്രക്കിംഗും ഉൾക്കൊള്ളിച്ച് കർമ്മ പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.എന്നാൽ പദ്ധതികളുമായി മുൻപോട്ട് തടസ്സവാദങ്ങളുമായി വനം കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തുമോയെന്ന ആശങ്ക പഞ്ചായത്തിനുണ്ട്.

റോഡ് നന്നാക്കാനും അനുമതി ഇല്ല


കഴിഞ്ഞ കാലവർഷത്തിൽ തകർന്ന അഞ്ചുരുളിയിലെകോൺക്രീറ്റ്‌റോഡ് നന്നാക്കാൻ വനം വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ല.അനുമതി ആവശ്യപ്പെട്ട് കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ്‌ഫോണിൽ ബന്ധപ്പെടുകയും കത്ത് നൽകുകയും ചെയ്തിരുന്നു എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല.അവധി ദിവസങ്ങളിൽ നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് നിയമ തടസ്സങ്ങളുടെപേരിൽ അവഗണിക്കപ്പെടുന്നത്.