തൊടുപുഴ: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഐക്യട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യദിനം ജനജീവിതം സമ്പൂർണ ലോക്ക്ഡൗണിന് സമാനമായി. ഏതാനും ചില സ്വകാര്യ വാഹനങ്ങളല്ലാതെ കെ.എസ്.ആർ.ടി.സിയടക്കമുള്ള ബസുകളും ഓട്ടോറിക്ഷകളും ടാക്സികളുമൊന്നും നിരത്തിലിറങ്ങിയില്ല. മെഡിക്കൽ സ്റ്റോറുകളൊഴികെ പെട്രോൾ പമ്പുകളടക്കം കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുടർച്ചയായ മൂന്നാം ദിവസവും ബാങ്കുകൾ പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനില നാമമാത്രമായിരുന്നു. തൊഴിലാളികൾ പണിക്കിറങ്ങാതായതോടെ തോട്ടംമേഖല നിശ്ചലമായി. പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നെടുങ്കണ്ടത്ത് റോഡിന്റെ മദ്ധ്യത്തിൽ പണിമുടക്ക് അനുകൂലികൾ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻഡ് പൊലീസ് നീക്കി. വിനോദ സഞ്ചാരമേഖലയ്ക്ക് ഇളവ് നൽകുമെന്നായിരുന്നു സമരക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയ സഞ്ചാരികൾ ഇന്നലെ ഹോട്ടലുകളും കടകളൊന്നുമില്ലാത്തതിനാൽ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. നേരത്തെയെത്തിയ സഞ്ചാരികൾ ഹോട്ടലിലും റിസോർട്ടിലുമായി കഴിഞ്ഞു. പെട്രോൾ പമ്പുകളടക്കം അടഞ്ഞുകിടന്നത് വിനോദസഞ്ചാര വാഹനങ്ങളെയും അവശ്യ സർവീസുകളെയും ബുദ്ധിമുട്ടിലാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വാണിജ്യ കേന്ദ്രം സ്തംഭിച്ചു

കട്ടപ്പന: പണിമുടക്ക് ജില്ലാ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിൽ പൂർണമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ഒഴിച്ചാൽ ടൗൺ വിജനമായിരുന്നു. പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടയുന്ന സാഹചര്യമുണ്ടായില്ല. വ്യാപാരികളും സഹകരിച്ചതോടെ കടകമ്പോളങ്ങളെല്ലാം തന്നെ അടഞ്ഞാണ് കിടക്കുന്നത്. ഏതാനും സ്വകാര്യ- ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഇന്നലെ രാവിലെ മുതൽ ട്രേഡ് യൂണിയൻ പ്രവർത്തകർ പ്രധാന ജംഗ്ഷനുകളിൽ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന പൊതുയോഗത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ പങ്കെടുത്തു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ടി.ആർ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടം മേഖലയായ ഉപ്പുതറയിലും പണിമുടക്ക് പൂർണമായിരുന്നു. തോട്ടങ്ങളിൽ ജോലിക്കിറങ്ങാതെ തൊഴിലാളികളും സഹകരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ഒഴിച്ചു നിറുത്തിയാൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞാണ് കിടക്കുന്നത്.

തോട്ടംമേഖലയും നിശ്ചലം

പീരുമേട്: തോട്ടംമേഖലയായ പീരുമേട്,​ കുമളി,​ വണ്ടിപ്പെരിയാർ മേഖലകൾ പൊതുപണിമുടക്കിൽ നിശ്ചലമായി. കൊക്കയാർ. പ്രധാന വ്യാപാര കേന്ദ്രങ്ങളായ ഏലപ്പാറ,​ പാമ്പനാർ,​ വണ്ടിപ്പെരിയാർ,​ കുമളി പ്രദേശങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തേയില- ഏലം മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. പെരുവന്താനം മേഖലയിൽ റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളും പണിമുടക്കി. 35-ാം മൈൽ,​ ഏലപ്പാറ,​ പാമ്പനാർ,​ വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

നെടുങ്കണ്ടത്ത് വാക്കുതർക്കം

പണിമുടക്കിനോടനുബന്ധിച്ച് നെടുങ്കണ്ടത്ത് വഴിതടഞ്ഞ സമരാനുകൂലികളും പൊലീസും തമ്മിൽ പലയിടത്തും വാക്കുതർക്കമുണ്ടായി. റോഡിന്റെ മദ്ധ്യത്തിൽ പണിമുടക്ക് അനുകൂലികൾ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻഡ് പൊലീസ് നീക്കി. ഒറ്റപ്പെട്ട തർക്കങ്ങൾ ഒഴിവാക്കിയാൽ പണിമുടക്ക് സമാധാനപരമായിരുന്നു. ആവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളെയും പണിമുടക്ക് പൂർണമായി ബാധിച്ചു. നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പഞ്ചോല എന്നീ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ ധർണയും പ്രകടനവും നടത്തി. ഉടുമ്പൻചോല ടൗണിൽ നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറത്തോട്ടിൽ നടന്ന പ്രതിക്ഷേധ സമരം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.