ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകളിൽ മേയ് 31 വരെ പൊതുഅവധി ദിവസങ്ങളിൽ സന്ദർശനാനുമതി നൽകി. ശനി, ഞായർ പൊതുഅവധി ദിവസങ്ങളിൽ ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ തുറന്നുകൊടുക്കാൻജില്ലാ കലക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സർക്കാരിന് ശുപാർശ നൽകിയത്. ഇതേത്തുടർന്നാണ് അനുമതി ലഭിച്ചത്. ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ച്പൊതുജനങ്ങൾക്ക് ഡാമുകൾ സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവണമെന്നും കളക്ടർ നിർദേശിച്ചിരുന്നു.
ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയും ഡാമുകളുടെ പരിസരത്ത് താൽക്കാലിക ശുചിമുറി സംവിധാനങ്ങൾ ഒരുക്കിയും സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സുരക്ഷയും ശുചിത്വവും ഉറപ്പ് വരുത്തിയിട്ടുണ്ട്.