തൊടുപുഴ: വിശ്വ ഹിന്ദു പരിഷത്ത് തൊടുപുഴ ജില്ലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മുൻ ശബരിമല മേൽശാന്തി ആത്രശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്രീവത്സം ബിൽഡിംഗിലാണ് ജില്ലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ജില്ലാ പ്രസിഡന്റ് സി.എ.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സെക്രട്ടറി ഒ.കെ. സജയകുമാർ മുഖ്യ പ്രഭാഷണവും ആർ.എസ്.എസ്. വിഭാഗ് സംഘചാലക് കെ.എൻ. രാജു മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. മുൻ നഗരസഭാ ചെയർമാൻ ബാബു പരമേശ്വരൻ ആശസകൾ അർപ്പിച്ചു. രക്ഷാധികാരി രാധാകൃഷ്ണൻ മുണ്ടമറ്റം,വിഭാഗ് സംഘടന സെക്രട്ടറി കെ.പി. പ്രഭാകരൻ, ജില്ലാ സെക്രട്ടറി ഗോപി പഴുക്കാകുളം എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബി.സോമശേഖരൻ നായർ , ജോയിന്റ് സെക്രട്ടറിമാരായ ബാലചന്ദ്രൻ , സുനിലാൽ സുകു, ട്രഷറർ എം.പി.സദാശിവൻ, ദുർഗ്ഗാ വാഹിനി ജില്ലാപ്രമുഖ് മഞ്ജുള കെ തുടങ്ങിയവർ നേതൃത്വം നൽകി.