sanal
സനലിനെ അവസാനമായി യാത്രയാക്കാൻ സനൽ ഒാടി​ച്ചി​രുന്ന ദേവി ബസ് കീരിത്തോടിൽ ആംബുലൻസി​നെ അനുഗമി​ക്കുന്നു

ചെറുതോണി : മൂലമറ്റം വെടിവെയ്പ്പിൽ കൊല്ലപ്പെട്ട കീരിത്തോട് പാട്ടത്തിൽ സനൽ ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. സഹ പ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തി.ശനിയാഴ്ച രാത്രി മൂലമറ്റത്ത് ഉണ്ടായ വെടിവെയ്പ്പിലാണ് കീരിത്തോട് പാട്ടത്തിൽ സനൽ സാബു കൊല്ലപ്പെട്ടത്. സ്വകാര്യ ബസ്സ് ജീവനക്കാരനായ സനലും സുഹൃത്തും തട്ടുകടയിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കടയിൽ മറ്റൊരാൾ നടത്തിയ അക്രമത്തിനിടെയാണ് സനലിലും സുഹൃത്തിനും വെടിയേറ്റത് . സംഭവത്തിൽ തലക്കും ഹൃദയത്തിനും മാരകമായി പരിക്കേറ്റ സനൽ സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയായിരുന്നു. സനലിനോപ്പം പരിക്കേറ്റ മൂലമറ്റം സ്വദേശിയായ സുഹൃത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് . ഇയാൾ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകി സനലിന്റെ മൃതദേഹം കീരിത്തോട് വീട്ടിലെത്തിച്ചപ്പോഴും നൂറുകണക്കിനാളുകൾ കീരിത്തോടിൽ കാത്തുനിന്നിരുന്നു . വീട് സ്ഥിതി ചെയ്യുന്ന രണ്ടര സെന്റ് ഭൂമി മാത്രമാണ് സനലിന്റെ കുടുംബത്തിനുള്ളത്. അതിനാൽ മാതൃസഹോദരന്റെ പുരയിടത്തിലാണ് സനലിന് ചിത ഒരുക്കിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, പഞ്ചായത്തഗങ്ങളായ ടിൻസി തോമസ്, മാത്യു തായങ്കരി, ഇടുക്കി എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് ,പൊതുപ്രവർത്തകരായ, എ പി ഉസ്മാൻ , ജോസ് ഊരക്കാട്, ഉൾപ്പെടെ യുള്ളവർ അന്ത്യോപചാരമർപ്പിക്കാനും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനുമെത്തിയിരുന്നു.