 ഉത്സവബലി ദർശനം ഏപ്രിൽ അഞ്ചിന്

തൊടുപുഴ: ഇനിയുള്ള ദിനങ്ങൾ തൊടുപുഴ നഗരം അമ്പാടിയായി മാറും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ഏപ്രിൽ ആറ് വരെ ഭക്തജനങ്ങൾക്ക് കണ്ണനെ കൺനിറയെ കാണാം. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവാഘോഷ പരിപാടികളുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾപൂർണമായും പാലിച്ച് ക്ഷേത്രകലകൾക്കും ക്ലാസിക്കൽ കലകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിപാടികളും പ്രമുഖകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം, നാദസ്വരം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും. തിരുവുത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ശീവേലിയും നടക്കും. ഇന്നലെ രാവിലെ എതൃത്തപൂജ, എതൃത്തശിവേലി, ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, പന്തീരടിപൂജ, തിടപ്പിള്ളിയിലെ യോഗീശ്വര പൂജ,​ ഉച്ചപൂജ, ഉച്ചശീവേലി തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടന്നു. ഉച്ചയ്ക്ക് നടന്ന തിരുവോണ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. വൈകിട്ട് ദീപാലംകൃതമായ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകിയെത്തി. ദീപാരാധന, ബലിക്കൽപുര നമസ്‌കാരം, ​ഭഗവാന് നെയ്‌കിണ്ടി സമർപ്പണം എന്നിവ നടന്നു.

ക്ഷേത്രംതന്ത്രി കാവനാട്ട് രാമൻ നമ്പൂതിരിയുടെ

കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറി. തുടർന്ന് അത്താഴ പൂജ, ശ്രീഭൂതബലി, പ്രസാദ ഊട്ട് എന്നിവ നടന്നു. അരങ്ങിൽ വൈകിട്ട് തിരുവാതിര, ഭരതനാട്യം, പ്രഭാഷണം, ഭക്തിഗാനസുധ എന്നിവ അരങ്ങേറി.

ക്ഷേത്രത്തിൽ ഇന്ന്
രാവിലെ ഒമ്പത് മുതൽ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, രണ്ടിന് ചാക്യാർക്കൂത്ത്, 4.30 മുതൽ 6.30 വരെ കാഴ്ചശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ഇരട്ട തായമ്പക, 9.30 മുതൽ കൊടിപ്പുറത്ത് വിളക്ക്.

അരങ്ങിൽ ഇന്ന്
വൈകിട്ട് 6.45ന് ഭരതനാട്യം, 7.10ന് സോപാന സംഗീതം, 8.05ന് ഭരതനാട്യം, 8.35ന് കീർത്തന സന്ധ്യ.