തൊടുപുഴ: ചീനിക്കുഴിയിൽ അർദ്ധരാത്രിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. പ്രതി ഉടുമ്പന്നൂർ ചീനിക്കുഴി ആലിയക്കന്നേൽ ഹമീദിനെ (79) രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
ഇന്നലെ ഉച്ചയോടെ മുട്ടം കോടതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് തെളുവെടിപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച പെട്രോളിന്റെ ഉറവിടവും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകളെയും കുറിച്ച് അറിയാൻ പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. കൊലപാതകത്തിന് ശേഷം പൊലീസ് നിരവധിയാളുകളിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിയിൽ നിന്ന് പൊലീസിന് മനസിലാക്കേണ്ടതുണ്ട്. പ്രതി ഇതിന് മുമ്പും മക്കളെയും മരുമക്കളെയും ഉപദ്രവിച്ചിരുന്നതായ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മരിച്ച മുഹമ്മദ് ഫൈസലിന്റെയും ഭാര്യ ഷീബയുടെയും ഉൾപ്പെടെ നിരവധി ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവയുടെ സ്ഥിരീകരണവും പൊലീസ് തെളിവെടുപ്പിനിടെ നടത്തും. ആവശ്യമെങ്കിൽ കൊലപാതകം നടന്ന ചീനിക്കുഴിയിലെ വീട്ടിൽ ഉൾപ്പെടെ എത്തിച്ചുള്ള തെളിവ് ശേഖരണവും ഉണ്ടാവുമെന്നാണ് സൂചന. സമാനതകളില്ലാത്ത കുറ്റകൃത്യമായതിനാൽ കിട്ടാവുന്ന എല്ലാ തെളിവും ശേഖരിച്ച് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. നാല് പേർ കൊല്ലപ്പെട്ട സംഭവമായതിനാൽ തൊടുപുഴ ഡിവെ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പ്രതിയെ കരിമണ്ണൂർ സ്റ്റേഷനിലെത്തിച്ചപ്പോൾ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവരെത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് പകൽ കൂടി തെളിവെടുപ്പ് നടത്തിയ ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. 18ന് അർദ്ധരാത്രിയിലാണ് ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവർ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. സ്വത്ത് സംബന്ധമായ തർക്കമായിരുന്നു ക്രൂരകൊലപാതകത്തിന് കാരണം.