forest
കാട്ടാന ശല്യത്തെ തുടർന്ന് പേഴുംകണ്ടത്തെ വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ

കട്ടപ്പന: തടാകം കടന്നെത്തിയ കാട്ടാനക്കൂട്ടം മടങ്ങിയ ആശ്വാസത്തിലിരിക്കെ ഇന്നലെ പുലർച്ചെയും കാഞ്ചിയാർ പേഴുംകണ്ടത്ത് ആനയെത്തി. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയവരാണ് അഞ്ചുരുളി മുനമ്പിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്ത് ആനയെ കണ്ടത്. പിന്നാലെ വിവരം അറിഞ്ഞ് നോക്കാൻ പോയ നാട്ടുകാരെയും ആന തുരത്തി. കാട്ടാന വീണ്ടും ജനവാസ മേഖലയിൽ എത്തിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പേഴുംകണ്ടത്ത് കാട്ടാനകൾ എത്തുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവിടെ ആനശല്യം അതിരൂക്ഷമായിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്പ് ഫെബ്രുവരിയിലാണ് കാട്ടാനക്കൂട്ടം ജലാശയം കടന്നെത്തി കൃഷികൾ നശിപ്പിച്ചത്. തുടർന്ന് ഒരാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് അന്ന് ആനകളെ ഉൾവനത്തിലേയ്ക്ക് തുരത്താനായത്. ആന വീണ്ടും എത്തിയതോടെ നാട്ടുകാരും ഭീതിയിലാണ്. ജലാശയ മുനമ്പിന് അടുത്തായി ആനകളുടെ സാന്നിധ്യം മുമ്പും ഉണ്ടാകാറുണ്ടെങ്കിലും ജനവാസ മേഖലയിലെത്തുന്നതെന്ന് ആദ്യമാണെന്നും നാട്ടുകാർ പറയുന്നു. സമീപസ്ഥലങ്ങളിൽ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകൾ സന്ദർശിക്കാൻ എത്തുന്ന സ്ഥലമാണ് മുനമ്പ്. വീണ്ടും ആനകളുടെ സാന്നിധ്യമുള്ളതിനാൽ മുനമ്പിലേയ്ക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത.


 കുരങ്ങ് ശല്യവും രൂക്ഷം

ഏലത്തോട്ടങ്ങളിലെ കുരങ്ങ് ശല്യത്തിനും പേഴുംകണ്ടത്ത് അറുതിയില്ല.കൂട്ടമായെത്തുന്ന കുരങ്ങൻമാർ ഏലച്ചെടികളുടെ കൂമ്പടക്കമാണ് തിന്ന് നശിപ്പിക്കുന്നത്. വീടുകളിൽ എത്തുന്ന വാനരൻമാർ അടുക്കളയിൽ കയറി ഭക്ഷണവസ്തുക്കൾ തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.