puliyanmala

തൊടുപുഴ: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത് ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന്റെ രണ്ടാം ദിനവും ജില്ല നിശ്ചലം. മൂന്നാറിൽ വിനോദസഞ്ചാരികളുടെയടക്കം വാഹനം തടയാൻ ശ്രമിച്ച സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എ. രാജ എം.എൽ.എയ്ക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കടകളും തുറന്നില്ല. ചിലയിടങ്ങളിൽ വ്യാപാരികൾ കടകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ തടഞ്ഞു. ഉൾപ്രദേശങ്ങളിൽ ചെറിയ രീതിയിൽ കടകൾ തുറന്നത് ജനങ്ങൾക്ക് ആശ്വാസമായി. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നെങ്കിലും ജീവനക്കാരിൽ ഭൂരിപക്ഷം പേരും ജോലിയ്ക്ക് ഹാജരാകാതിരുന്നതിനാൽ ഓഫീസുകളുടെ പ്രവർത്തനം തുടർച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. കുടുംബകോടതിയിൽ സിറ്റിംഗും തടസം കൂടാതെ നടന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഓഫീസുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചെങ്കിലും തൊടുപുഴ ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ഡ്രൈവർമാർ ഡ്യൂട്ടിയ്ക്ക് ഹാജരായെങ്കിലും കണ്ടക്ടർമാർ ആരും ജോലിയ്ക്ക് എത്താതിരുന്നതിനാലാണ് സർവീസ് നടത്താൻ കഴിയാതിരുന്നത്. കോട്ടയം, പാല, കട്ടപ്പന, മൂലമറ്റം ഡിപ്പോകളിൽ നിന്ന് തൊടുപുഴയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ തീർത്തും കുറവായിരുന്നെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ഓട്ടോ, ടാക്‌സികളും സ്വകാര്യ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങി. നഗരത്തിൽ പെട്രോൾ പമ്പുകൾ അടഞ്ഞു കിടന്നപ്പോൾ സമീപ പ്രദേശങ്ങളിലെ പമ്പുകൾ തുറന്നു പ്രവർത്തിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി. തൊടുപുഴ, ചെറുതോണി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം, മൂന്നാർ, അടിമാലി, എന്നിവിടങ്ങളിൽ നടന്ന പണിമുടക്ക് റാലികളിലും നൂറുകണക്കിന് ജീവനക്കാരും അദ്ധ്യാപകരും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പണിമുടക്ക് ധർണകളിൽ വിവിധ സർവീസ് സംഘടനാ നേതാക്കളായ ടി.എം. ഹാജറ, ഡി. ബിനിൽ, ഡോ. കെ.കെ. ഷാജി, വി.ബി. വിനയൻ, സി.എസ്. മഹേഷ്, കെ.കെ. പ്രസുഭകുമാർ, ആർ. ബിജുമോൻ, എ.എം. ഷാജഹാൻ, കെ.ആർ. ഷാജിമോൻ, എസ്. സുനിൽകുമാർ, എം. രമേശ്, എം.ആർ. രജനി, പി.എ. ജയകുമാർ, ജയൻ പി. വിജയൻ, കെ.എസ്. രാകേഷ്, വി.എസ്. സുനിൽ, കെ.സി. സജീവൻ, ടി.ജി. രാജീവ്, രാജീവ് ജോൺ എന്നിവർ പ്രസംഗിച്ചു.

കട്ടപ്പന സ്തംഭിച്ചു

കട്ടപ്പന: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണി മുടക്കിന്റെ അവസാന ദിനവും കട്ടപ്പന നഗരം നിശ്ചലമായി. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞാണ് കിടന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ സജീവമായിരുന്നു. കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്ന് തൊടുപുഴയ്ക്കുള്ള ഒരു സർവീസ് മാത്രമാണ് നടത്തിയത്. പുളിയന്മലയിൽ പണിമുടക്ക് അനുകൂലികൾ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞത് ഒഴിച്ചു നിർത്തിയാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

വലഞ്ഞ് ജില്ലാ ആസ്ഥാനം

ചെറുതോണി: പൊതുഗതാതം പൂർണമായും നിച്ഛലമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം പോകേണ്ട രോഗികൾ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കഞ്ഞിക്കുഴി, മുരിക്കാശ്ശേരിയടക്കമുള്ള മേഖലകളിൽ ചില വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു.

നെടുങ്കണ്ടത്ത് പൂർണം

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളെയും പൂർണമായി ബാധിച്ചു. എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പൊതുനിരത്തിൽ കൂടുതൽ വാഹനങ്ങൾ കാണപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറുകിട സംരംഭങ്ങൾ തുറന്നു പ്രവർത്തിച്ചു.

ഡയസ്‌നോണിന് പുല്ലുവില

ഹൈക്കോടതി പരാമർശത്തെ തുടർന്ന് പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോണിന് പുല്ലുവില നൽകി ജീവനക്കാരും അദ്ധ്യാപകരും. ഇടുക്കി കളക്ട്രേറ്റിൽ ആകെയുള്ള 123 ജീവനക്കാരിൽ 15 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. ആകെ ജീവനക്കാരുടെ 18 ശതമാനം മാത്രം. തിങ്കളാഴ്ച ഇത് 17 ശതമാനമായിരുന്നു. ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരിൽ നാല് പേർ അവധിയിലാണ്. ജില്ലാ ആസ്ഥാന മേഖലയിലെ മറ്റ് സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിൽ ആകെയുള്ള 88 ജീവനക്കാരിൽ തഹസിൽദാരും എൽ.എ തഹസിൽദാരും ഉൾപ്പെടെ ആറ് ജീവനക്കാരാണ് ജോലിക്കെത്തിയത്. തിങ്കളാഴ്ച മൂന്നു പേരായിരുന്നു ഡ്യൂട്ടിക്കെത്തിയത്. ജില്ലാ കൃഷി ഓഫീസും മൈനിംഗ് ആന്റ് ജിയോളജി ഓഫീസും ഉൾപ്പെടെ ഏതാനും ഓഫീസുകളും ഇന്നലെ തുറന്നു പ്രവർത്തിച്ചു. കട്ടപ്പന പി.എസ്.സി ഓഫീസിലെ 41 ജീവനക്കാരിൽ മൂന്ന് പേർ മാത്രമാണ് ജോലിക്കെത്തിയത്. എംപ്ലോയ്‌മെന്റ് ഓഫീസിൽ 20 ജീവനക്കാരിൽ 19 പേരും ഹാജരായില്ല. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെത്തിയ ചുരുക്കം ചില ജീവനക്കാരെ സമരാനുകൂലികൾ തടയാൻ ശ്രമിച്ചത് വാക്കുതർക്കത്തിനിടയാക്കി.

പുളിയൻമലയിൽ വിനോദ സഞ്ചാരികളുടെ വാഹനം സമരാനുകൂലികൾ തടയുന്നു