മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് ചന്ദനം മുറിച്ച് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. മറയൂർ അഞ്ചുവീട് സ്വദേശി അജിതാണ് (22) അറസ്റ്റിലായത്. കഴിഞ്ഞദിവസം കരിമുട്ടി സ്റ്റേഷൻ പരിധി വണ്ണാൻതുറ വനത്തിനുള്ളിൽ ചന്ദന മരം മുറിച്ച് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നാല് കിലോ ചന്ദനമാണ് കണ്ടെത്തിയത്. ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ നിധിൻ ലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. അലീം കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ്, വണ്ണൻതുറ റേഞ്ച് ഓഫീസർ ബിജു പി. ചാക്കോ ഉൾപ്പെടെയുള്ള വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.