തൊടുപുഴ: ഞായറാഴ്ചയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കഴിഞ്ഞ് ജനങ്ങളെല്ലാം പുറത്തിറങ്ങിയതോടെ തൊടുപുഴ നഗരത്തിൽ വൻ ഗതാഗത കുരുക്ക്. ഇന്നലെ രാവിലെ മുതൽ നഗരയാത്ര നരകമായിരുന്നു. കാഞ്ഞിരമറ്റം ജംഗ്ഷൻ, മാർക്കറ്റ് റോഡ്, ഗാന്ധി സ്‌ക്വയർ, മൂപ്പിൽകടവ് പാലം, തൊടുപുഴ പാലാ റോഡ്, മൂവാറ്റുപുഴ റോഡ്, ഇടുക്കി റോഡ്, അമ്പലം ബൈപ്പാസ്, മങ്ങാട്ടുകവല കാരിക്കോട് റോഡ് തുടങ്ങി പ്രധാന ജംഗ്ഷനുകളിലും റോഡുകളിലുമെല്ലാം കുരുക്ക് രൂക്ഷമായിരുന്നു. രാവിലെ 8.30 മുതൽ ആരംഭിച്ച വാഹനങ്ങളുടെ ഒഴുക്ക് പത്ത് മണിയോടെ പതിന്മടങ്ങായി. പലയിടത്തും വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. നാല് ദിവസം ബാങ്ക് അവധിയായതിനാൽ ബാങ്കുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസടക്കമുള്ള വിവിധ സർക്കാർ ഓഫീസുകളിലും വൻജനത്തിരക്കായിരുന്നു. ഇതിനിടെയുള്ള കനത്ത ചൂടും നഗരത്തിലിറങ്ങിയ ജനങ്ങളെ വലച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വൈകിട്ടോടെ നഗരത്തിൽ തിരക്ക് വീണ്ടും വർദ്ധിച്ചു. രാത്രി ഒമ്പത് മണിയായിട്ടും റോഡിലെ തിരക്കിന് ശമനമുണ്ടായില്ല.