ഇടുക്കി :ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ഇന്ന് മുതൽ ഏപ്രിൽ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളിൽ 3,391 പേർ സർക്കാർ സ്‌കൂളുകളിൽനിന്നും 7,371 പേർ എയ്ഡഡിൽനിന്നും 661 പേർ അൺ എയ്ഡഡിൽനിന്നും 205 പേർ ഐ.എച്ച്.ആർ.ഡിയിൽ നിന്നുമാണ്. സർക്കാർ മേഖലയിൽ 79 ഉം എയ്ഡഡിൽ 70ഉം അൺ എയ്ഡഡിൽ എട്ടും ഐ.എച്ച്.ആർ.ഡിയിൽ അഞ്ചും പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന സർക്കാർ സ്‌കൂൾ കല്ലാർ ജി.എച്ച്.എസാണ്: 378 പേർ. എയ്ഡഡിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസും (322) അൺ എയ്ഡഡിൽ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171),ഐ.എച്ച്.ആർ.ഡിയിൽ അടിമാലി ടി.എച്ച്.എസും (84) ആണ് വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. വൈകല്യമുള്ള 575 കുട്ടികൾക്ക് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അത്യാവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും ക്രമീകരണത്തിനുമായി ജില്ലാ കളക്ടർ ചെയർമാനായി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയിൽ ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ ട്രഷറി ഓഫീസർ, ലീഡ് ബാങ്ക് മാനേജർ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, സൂപ്രണ്ട് പോസ്റ്റൽ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ അംഗങ്ങളാണ്.
കൊവിഡ് പൂർണമായി മാറിയിട്ടില്ലാത്തതിനാൽ കഴിഞ്ഞതവണ പരീക്ഷക്ക് സ്വീകരിച്ച മുൻകരുതലുകളും മാനദണ്ഡങ്ങളും പൂർണമായും ഇത്തവണയും തുടരുമെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് അറിയിച്ചു.