നെടുങ്കണ്ടം :പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയമ്മ എബ്രഹാം അവതരിപ്പിച്ചു. പ്രസിഡന്റ് എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കാർഷിക മേഖല പച്ചക്കറി കൃഷി പ്രോത്സാഹനം, ക്ഷീര കർഷകരുടെ ഉന്നമനം, ജലസേചനം, മണ്ണ് സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, റോഡുകളുടെ അറ്റകുറ്റപ്പണികൾ, സ്ത്രീശാഖ, ലൈഫ് ഭവനങ്ങൾ ആരോഗ്യപരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. 24.18 കോടി രൂപ വരവും, 24.27 കോടി രൂപ ചെലവും 10.75 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാർഷിക, ക്ഷീര മേഖലകൾക്കായി 7.5 ലക്ഷം രൂപയും ജലസേചനം, മണ്ണ് സംരക്ഷണത്തിനായി 23 ലക്ഷം രൂപയും ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 4 ലക്ഷം രൂപയും പൊതുകുടിവെള്ള വിതരണത്തിനായി 12 ലക്ഷം രൂപയും. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 1.20 കോടി രൂപ. തെരുവുവിളക്കുകളുടെ വൈദ്യുതീകരണത്തിനായി 20 ലക്ഷം രൂപ. യുവജനക്ഷേമത്തിനായി 4.25 ലക്ഷം, വായനശാലകൾക്ക് 50,000 രൂപ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 6.5 ലക്ഷം, ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പരിപാടികൾക്കായി 15 ലക്ഷം. ലൈഫ് ഭവന പദ്ധതിക്കായി 2.75 കോടി രൂപ. പട്ടികജാതി/പട്ടികവർഗ ക്ഷേമം, സ്ത്രീ ശാക്തീകരണം, വൃദ്ധജന ക്ഷേമം, ശിശുക്ഷേമം, കാർഷിക, തോട്ടം മേഖലകളിൽ ജോലിചെയ്യുന്നവർക്കുള്ള ആരോഗ്യ പരിപാലനം എന്നിവയ്‌ക്കായി ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.