ഇടുക്കി: ജില്ലയിലെ വ്യവസായ സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെറുതോണിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ എം എസ് എം ഇ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന തലത്തിൽ ക്ലിനിക്കുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഓൺ ലൈനായി നിർവഹിച്ചു. സംരംഭകരുടെ സംശയം ദുരീകരിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉപദേശക സേവനം നൽകുന്നതിന് വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന സംവീധാനമാണ് എം എസ് എം ഇ ക്ലിനിക്ക്. പ്രോജക്ട് റിപ്പോർട്ട്, സാങ്കേതിക വിദ്യ, ബാങ്കിംഗ്, മാർക്കറ്റിങ്ങ്, നിയമം, ജി എസ് ടി, ലൈസൻസുകളും അനുമതി പത്രങ്ങളും, കയറ്റുമതി എന്നിങ്ങനെ 16 വിവിധ മേഖലകളിലെ പ്രവീണ്യമുള്ള വിദഗ്തരുടെ സേവനം ക്ലിനിക്കുകൾ ഉറപ്പ് വരുത്തുന്നു. സംരംഭം തുടങ്ങുന്ന അവസരത്തിലോ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ഇവരുടെ സേവനം തേടാവുന്നതാണ്. ക്ലിനിക്കിന്റെ സേവനം പൂർണ്ണമായും സൗജന്യമാണെന്നും ജില്ലാ വ്യവസായ വകുപ്പ് അധികൃതർ പറഞ്ഞു.