നെടുങ്കണ്ടം: പഞ്ചായത്ത് ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടക്കൽ ബഡ്ജറ്റ് അവതരിപ്പിച്ചു. നെടുങ്കണ്ടത്ത് ആധുനിക മാർക്കറ്റ് സമുച്ചയത്തിനും ക്രിമിറ്റോറിയത്തിന്റെ നവീകരണത്തിനും കഴിഞ്ഞവർഷം അഞ്ചുകോടി രൂപ മാറ്റിവച്ചിരുന്നു. ഇത്തവണ 16 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതുൾപ്പടെ 75 ലക്ഷം രൂപയാണ് ക്രിമിറ്റോറിയത്തിനായി അനുവദിച്ചിരിക്കുന്നത്. ഉൽപ്പാദന മേഖലയ്ക്ക് 4.25 കോടി രൂപയും നെടുങ്കണ്ടത്ത് കാർഷിക പാർക്കിന്റെ നിർമ്മാണം, സ്മാർട്ട് കൃഷിഭവനുവേണ്ടി അടിസ്ഥാന സൗകര്യം ഒരുക്കൽ, ക്ഷീര കർഷകർക്ക് ഇൻസെന്റീവ്, തേനീച്ച വളർത്തലിൽ വീട്ടമ്മമാർക്ക് പരിശീലനവും സബ്സിഡിയും എന്നിവയാണ് ഉൽപാദനമേഖലയിലെ പ്രധാന പദ്ധതികൾ. സേവന മേഖലയിൽ ആരോഗ്യ പരിപാലനം, ലൈഫ് മിഷൻ, ശുചിത്വം, സാമൂഹ്യസുരക്ഷാ പെൻഷൻ, അംഗൻവാടികളുടെ പ്രവർത്തനത്തിനായി 1.63 കോടി രൂപയും പട്ടികജാതി/പട്ടികവർഗ വികസന പദ്ധതിൾക്കായി 88.74 ലക്ഷം രൂപയും. തൊഴിലുറപ്പ് പദ്ധതിയിൽ 2.5 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനായി 16 കോടി രൂപയും. തയ്യൽതൊഴിൽ ചെയ്യുന്ന വീട്ടമ്മമാർക്കായി അപാരൽപാർക്ക്, പഞ്ചായത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളെ നെടുങ്കണ്ടം കേന്ദ്രമാക്കി ഒരുകുടക്കീഴിൽ കൊണ്ടുവരത്തക്കവിധമുള്ള മെഡിക്കൽ ഹബ്, കാരുണ്യാ ലോട്ടറിയുടെ മാതൃകയിൽ ദുരിതാശ്വാസ നിധി ശാക്തീകരണത്തിനായി അലിവ് എന്നപേരിലുള്ള സമ്മാണക്കൂപ്പൺ പദ്ധതി എന്നിവ ബഡ്ജറ്റിൽ അവതരിപ്പിച്ചു.