ചെറതോണി: 75.5 കോടി രൂപ വരവും, 72.44 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് ബഡ് ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അവതരിപ്പിച്ചു. പാർപ്പിട മേഖലയ്ക്കും, ആരോഗ്യ മേഖലയ്ക്കും, ക്ഷീര മേഖലയ്ക്കും, കാർഷികമേഖലയ്ക്കും, സാമൂഹ്യസുരക്ഷാ യുവജനക്ഷേമം വിദ്യാഭ്യാസം കലാ സാംസ്‌കാരികം, പട്ടികജാതി പട്ടികവർഗ ക്ഷേമം, ക്ഷേമപദ്ധതികൾ കുടിവെള്ള പദ്ധതികൾ ടൂറിസം പദ്ധതി എന്നിവയിലെല്ലാം ഊന്നൽ നൽകിയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ലൈഫ്, പിഎംഎവൈ ഭവന നിർമ്മാണത്തിനായി ബഡ്ജറ്റിൽ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണത്തിനും, വൃക്ക രോഗികൾക്ക് ഡയാലിസിസ് ധനസഹായം നൽകുന്നതിനുമായി സൗഖ്യം, ഉണർവ് എന്നീ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് തുക നീക്കിവച്ചിട്ടുണ്ട്. ക്ഷീരമേഖലയ്ക്ക് പാലിന് ഇൻസെന്റീവ് നൽകുന്നതിനായി ക്ഷീര സമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി 30 ലക്ഷം രൂപയും, കാലിത്തീറ്റ വിതരണത്തിന് 34 ലക്ഷം രൂപയും, കിടാരികൾക്കുള്ള പ്രത്യേക പോഷക പരിപാടിയായ അമൃതപോഷണം പദ്ധതിക്കായി ആറ് ലക്ഷം രൂപയും ഉൾപ്പെടെ 70 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും, മണ്ണുപരിശോധന ലാബ്‌നായി അഞ്ചു ലക്ഷം രൂപയും കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി അഞ്ച് ലക്ഷം രൂപയുമാണ് കാർഷിക മേഖലയ്ക്കായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്രന്ഥശാലകൾക്ക് ഫർണിച്ചറുകളും പുസ്തകങ്ങളും നൽകുന്നതിനായി 12 ലക്ഷം രൂപയും, വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾക്കായി അഞ്ചു ലക്ഷം രൂപയും, കേരള ഉത്സവം ഉൾപ്പെടെ നടത്തുന്നതിനായി നാല് ലക്ഷം രൂപയും, ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കാൽവരിമൗണ്ട് ടൂറിസം കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിന് അഞ്ചു ലക്ഷം രൂപയും പരുന്തുംപാറ, കാഞ്ഞാർ വാട്ടർ തീം പാർക്ക്, പാൽക്കുളമേട്, പുള്ളിക്കാനം, പുന്നയാർ, മാലികുത്ത് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ആവിഷ്‌കരിച്ച 93ശതമാനം പദ്ധതികളും പൂർത്തീകരിക്കാനും ഫണ്ടുകൾ നഷ്ടപ്പെടാതെ സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിരുന്നു.