 മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

തൊടുപുഴ: മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 20 വർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ഇത്. പല കാരണങ്ങളാൽ നിർമാണം നീണ്ടു പോവുകയായിരുന്നു. സിവിൽ ജോലികൾക്കായി 320 കോടി രൂപ അടങ്കൽ തുക വരുന്ന വിശദമായ പദ്ധതി തയ്യാറാക്കിയാണ് ടെൻഡർ നടത്തിയത്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ പി.ഇ.എസ് എൻജിനീയേഴ്‌സ് ആൻഡ് കെ.എസ്.ആർ. ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നിർമാണ കരാർ നകിയതായി കെ.എസ്.ഇ.ബി. അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാല് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി.വി. ഹരിദാസ്, എക്‌സിക്യൂട്ടീവ് എൻജിനിയർ സിവിൽ എസ്. പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

80 മെഗാവാട്ട് ശേഷി,​ ആദ്യഘട്ടം 40

80 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതി രണ്ട് ഘട്ടമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 40 മെഗാവാട്ടിനായുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി മേലാശ്ശേരി പുഴയുടെ 25.6 ചതുരശ്ര കലോമീറ്റർ വൃഷ്ടിപ്രദേശത്തുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. മാങ്കുളം ടൗണിൽ നിന്ന് 700 മീറ്റർ പടിഞ്ഞാറു മാറി 234 മീറ്റർ നീളവും 50 മീറ്റർ ഉയരവുമുള്ള ഗ്രാവിറ്റി ഡാം നിർമിക്കും. 64.8 ഹെക്ടർ വിസ്തൃതിയും 7.8 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയുള്ള സംഭരണിയാണ് വിഭാവനം ചെയ്യുന്നത്. റിസർവോയറിൽ നിന്ന് 2.52 കലോമീറ്റർ നീളത്തിലും 3.6 മീറ്റർ വ്യാസത്തിലും ടണൽ, കൂടാതെ ചരിഞ്ഞ പ്രഷർ ഷാഫ്ട്, തിരശ്ചീന പ്രഷർ ഷാഫ്ട് എന്നിവയും നിർമിക്കും. ടണൽ അവസാനിക്കുന്നിടത്ത് സർജ് ടാങ്കും ഉണ്ടാകും. ഇതിലൂടെയാണ് വൈദ്യുത നിലയത്തിലേക്ക് വെള്ളമെത്തുന്നത്. മാങ്കുളം പട്ടണത്തിൽ നിന്ന് എട്ട് കലോമീറ്റർ പടിഞ്ഞാറ് മാറി കുറത്തിക്കുടിയിലാണ് വൈദ്യുത നിലയം സ്ഥാപിക്കുന്നത്. ഇവിടെ 73 മീറ്റർ നീളവും 21 മീറ്റർ വീതിയുമുള്ള പെൽടൺ വീൽ ടർബൈൻ സ്ഥാപിക്കും. ഇതിലൂടെയാണ് വൈദ്യുതോത്പ്പാദനം. പവർഹൗസിന് സമീപത്തായി നിർമിക്കുന്ന സ്വിച്ച് യാർഡ് നിർമിക്കും. ഇവിടെ നിന്ന് വാളറ വരെ 220 കെ.വി. പ്രസരണ ലൈൻ നിർമിച്ചാണ് ഗ്രിഡിലേക്ക് പദ്ധതിയിൽ നിന്നുള്ള വൈദ്യുതി എത്തിക്കുന്നത്.

ഏറ്റെടുക്കുന്നത് 80 ഹെക്ടർ ഭൂമി
പദ്ധതിക്കായി 80.01 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ആവശ്യമായ ഭൂമിയുടെ 91 ശതമാനവും ഏറ്റെടുത്തു. ഇതിനായി 60 കോടി രൂപ ചെലവായി. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയപ്പോൾ കടയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവർക്കായി 75000 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപാര സമുച്ചയം മാങ്കുളത്ത് നിർമിച്ചിട്ടുണ്ട്.

പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന്

തൊടുപുഴ: വേണ്ടത്ര നഷ്ടപരിഹാരം നൽകാതെ കർഷകരെ കബളിപ്പിച്ച് ഭൂമി സ്വന്തമാക്കിയ വൻപാരിസ്ഥിതികാഘാതം ഉണ്ടാകുന്ന മാങ്കുളം ജലവൈദ്യുത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പീഡിത കർഷക അവകാശ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതി പ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കുന്നത് 2013ൽ പാർലമെന്റ് പാസാക്കിയ നിയമങ്ങളെ മറികടന്ന് കൊണ്ടാണ്. പാരിസ്ഥിതികാഘാത പഠനം നടത്താതെയും കർഷകരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഭൂമി വാങ്ങിയത്. ഇനിയും 40 കർഷകരുടെ എട്ട് ഹെക്ടറിലധികം വരുന്ന ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. കർഷകരുമായി ചർച്ച ചെയ്ത് നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി അധികൃതർ തയ്യാറായില്ല.നിയമ പ്രകാരം നടപടി ക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കാൻ ഒന്നര വർഷം വേണം. നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ആറ് മാസം കൊണ്ട് ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുമന്ന് ജില്ലാ കളക്ടർ കർഷകരെ അറിയിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സമിതി കൺവീനർ മാത്യു ജോസ്, കമ്മിറ്റി അംഗങ്ങളായ എൻ.ഡി. സണ്ണി, അമൽ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.