തൊടുപുഴ: മുതലക്കോടം ഫൊറോന പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ 21, 22, 23, 24 തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കും. വികാരി ഫാ.ഡോ. ജോർജ്ജ് താനത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി 201 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ടൈറ്റസ് മാനുവൽ അറക്കലിനെ ജനറൽ കൺവീനറായും ജസ്റ്റിൻ ജോസഫ് പനച്ചിക്കാട്ട്, ജോയി ജോൺ പഴുക്കാകുളത്ത്, ജോയി കല്ലിങ്കക്കുടിയിൽ എന്നിവരെ വിവിധ കമ്മറ്റികളുടെ കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു. സഹവികാരിമാരായ ഫാ. അബ്രഹാം പാറയ്ക്കൽ, ഫാ. ജസ്റ്റിൻ ചേറ്റൂർ കൈക്കാരന്മാരായ ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ, ടി.എ. ജോർജ്ജ് തുറയ്ക്കൽ തെക്കേക്കര, ജോയി കരോട്ടുമലയിൽ, സാന്റോ പോൾ ചെമ്പരത്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭാരതത്തിലെ പുരാതന തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് മുതലക്കോടം മുത്തപ്പന്റെ പള്ളി. എ.ഡി. 800 മുതൽ തീർത്ഥാടകർ ഈ പള്ളിയിൽ മാധ്യസ്ഥം തേടി എത്തിയിരുന്നു. മുത്തിയുടെ കിണർ, വി. ഗീവർഗീസിന്റെ തിരുസ്വരൂപം, അതിപുരാതനമായ കൽക്കുരിശ്, മുതലായവ തീർത്ഥാടകരെ എന്നും ആകർഷിക്കുന്നവയാണ്.