കരിമണ്ണൂർ: കുട്ടികളെ ഉപദ്രവിച്ച ആയക്കെതിരെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശിനി തങ്കമ്മ ശിവദാസിനെതിരെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്തത്. ഉടുമ്പന്നൂർ പഞ്ചായത്തിലാണ് സംഭവം. വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സ്ത്രീ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവ് കാണുന്നത്. അഞ്ചര വയസുള്ള പെൺകുട്ടിയെയും നാലര വയസുള്ള ആൺകുട്ടിയെയും ഇവരെ ഏൽപ്പിച്ച് പിതാവും മാതാവും ബുധനാഴ്ച മലയാറ്റൂരിന് പോയിരുന്നു. വീട്ടിലെ സി.സി ടി.വിയും മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇടയ്ക്ക് കുട്ടികളുടെ കരച്ചിൽ മൊബൈലിൽ കേട്ടു. തുടർന്ന് മൊബൈലിലെ സി.സി ടി.വി ദൃശ്യങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് ഇവർ കുട്ടിയെ മർദ്ദിക്കുന്നതും വലിച്ചെറിയുന്നതും കാണുന്നത്. രാവിലെ ജോലിക്കെത്തി വൈകിട്ട് മടങ്ങി പോകുന്ന വിധത്തിലായിരുന്നു ഇവരുടെ ജോലി ക്രമീകരിച്ചിരുന്നത്. പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് സ്ത്രീ വീട്ടിൽ നിന്ന് ഇറങ്ങി പോയി. പിന്നീട് ദൃശ്യങ്ങൾ സഹിതം കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.