തൊടുപുഴ: 16കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറിനെയാണ് (21) തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 300 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. 2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥിയായ ആൺകുട്ടിയെ പ്രതി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം പിഴിയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.