തൊടുപുഴ: ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ആരോഗ്യമേഖലയുടെ നെടുംതൂണായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശാ വർക്കർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്. സ്റ്റാഫ് നഴ്‌സിനു ലഭിക്കുന്ന ശമ്പളം വെറും 17000 രൂപയാണ്. ലാബ് അസിസ്റ്റന്റിനും , ഫാർമസിസ്റ്റിനും ലഭിക്കുന്നത് 14000 രൂപയാണ്. ഏറ്റവും പ്രധാനപ്പെട്ട ആശാ വർക്കർമാർക്ക് ലഭിക്കുന്നത് വെറും 9000 രൂപയാണ്. ഇതിൽ കേന്ദ്ര സർക്കാർ ഷെയർ 3000 രൂപയും സംസ്ഥാന ഷെയർ 6000 രൂപയുമാണ്. കൊവിഡ് ഇൻസന്റീവായി നൽകിക്കൊണ്ടിരുന്ന 1000 രൂപ അടുത്ത മാസം മുതൽ ലഭിക്കുകയുമില്ല. ആശാ വർക്കർമാരുടെ വേതനത്തിൽ കേന്ദ്ര സർക്കാർ വിഹിതം 5000 രൂപയാക്കി ഉയർത്തണമെന്നും എം.പി. പാർലമെന്റിൽ ആവശ്യപ്പെട്ടു.