പുതിയതായി നൂറിലേറെ കുഞ്ഞുങ്ങൾ

മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിലെ മലഞ്ചെരിവുകളിലും പാറക്കെട്ടുകളിലും അമ്മമാർക്കൊപ്പം തുള്ളിക്കളിയ്ക്കുന്ന വരയാടിൻ കുഞ്ഞുങ്ങളെ ഇന്ന് മുതൽ സഞ്ചാരികൾക്ക് നേരിൽ കാണാം, ചിത്രങ്ങൾ പകർത്താം. വരയാടുകളുടെ പ്രജനന കാലം പ്രമാണിച്ച് ജനുവരി 31ന് അടച്ച പാർക്ക് ഇന്ന് തുറക്കും. ദേശീയോദ്യാനത്തിൽ ഈ സീസണിൽ പുതുതായി നൂറിലേറെ വരയാടിൻ കുട്ടികൾ പിറന്നതായാണ് വനംവന്യജീവി വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. ഏപ്രിൽ അവസാനവാരത്തിൽ നടക്കുന്ന സെൻസസിൽ പുതിയ കുട്ടികളുടെയടക്കം ആകെ വരയാടുകളുടെ കൃത്യ കണക്ക് ലഭിക്കും. ആകെ 782 വരയാടുകളെയാണ് കഴിഞ്ഞ സർവേയിൽ കണ്ടെത്തിയത്.

രണ്ട് മാസം പ്രസവാവധി

സഞ്ചാരികളുടെ ശല്യമുണ്ടാകാതെ വരയാടുകളുടെ സുഖപ്രസവത്തിനും കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കുമായാണ് രണ്ട് മാസം ഉദ്യാനം അടച്ചിടുന്നത്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയാണ് സാധാരണ പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല. ആനമുടി, രാജമല, പെരുമാൾമല, പൂവാർ, ചിന്നപൂവാർ, വരയാറ്റ് മുടി, ക്യാമ്പ്മല തുടങ്ങിയ 13 ബ്ലോക്കുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്.

 പ്രവേശനം: രാവിലെ 8- വൈകിട്ട് 4.30

പ്രവേശന ഫീസ്

വിദേശികൾക്ക്- 500രൂപ

സ്വദേശികൾക്ക്- 200 രൂപ

പ്രവേശനം ഓൺലൈൻ വഴി

ഇത്തവണ ഉദ്യാനത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ്. മൂന്നാറിലെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളടക്കം മുന്നൂറിലേറെ സ്ഥാപനങ്ങളിൽ ഓൺലൈൻ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആർ കോഡ് സ്റ്റാൻഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ www.munnarwildlife.com എന്ന സൈറ്റ് വഴിയും ബുക്കിംഗ് സൗകര്യമുണ്ട്. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ വഴിയും പണം അടയ്ക്കാം. ഒരാൾക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. പ്രവേശന കവാടത്തിലെത്തി ഫ്രീ വൈ ഫൈ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. വാഹന പാർക്കിങ് മേഖലയിലടക്കം വൈഫൈ ലഭിക്കും. പരിശോധനകൾ പൂർത്തിയാക്കി വനം വകുപ്പിന്റെ തന്നെ ബസിൽ കയറി ഉദ്യാനത്തിലെത്താനാകും. ബസിൽ ശബ്ദരേഖയിലൂടെ ഉദ്യാനത്തിലെ വിവരങ്ങൾ, സേവനങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക് കേൾക്കാം. നാല് കിലോ മീറ്ററോളം ദൂരം കാനനഭംഗി ആസ്വദിച്ചുള്ള യാത്രയ്ക്കൊപ്പം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പർവതമായ ആനമുടിയും കാണാനാകും. ഉദ്യാനത്തിലെ 1.5 കിലോ മീറ്റർ ദൂരമാണ് സഞ്ചാരികൾക്ക് നടന്ന് കാണാനാകുക. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടെ ബഗ്ഗി കാർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

''സഞ്ചാരികൾ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് ഉദ്യാനത്തിൽ പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓൺലൈനാക്കുന്നത്. വരയാടുകളുടെ സെൻസസ് ഏപ്രിൽ അവസാനം പൂർത്തിയാകും"

-മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്

വരുമാനം ഇടിഞ്ഞു

അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികളാണ് ഓരോ വർഷവും ഇരവികുളം ദേശിയോദ്യാനം കാണാനെത്തിയിരുന്നത്. കൊവിഡ് ആരംഭിച്ചതു മുതൽ എണ്ണം പകുതിയായി. കഴിഞ്ഞ വർഷം 2,25,597 പേരാണെത്തിയത്. ഒരു വർഷം ശരാശരി സർക്കാരിന് ഒമ്പത് കോടി രൂപ വരുമാനമുണ്ടായിരുന്നു. ഇപ്പോളിത് നാല് കോടിയായി കുറഞ്ഞു.